എറണാകുളം: ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 36 പേരെ മാറ്റി പാർപ്പിച്ചു. കൊച്ചി താലൂക്കിൽ മൂന്നും കണയന്നൂർ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. കാറ്റും മഴയും ശക്തമാവുകയും ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

അതേസമയം, അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രോഗ്രാം ഓഫീസർമാരുടെയും ദ്രുതകർമ്മ സേനയുടെയും സർവെയ്ലൻസ് യൂണിറ്റിന്റെയും ആരോഗ്യ സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാരുടെയും അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

ജില്ലയിലെ നാല് ക്യാമ്പുകളിലുമായി 8 കുടുംബങ്ങളിൽനിന്നായി 6 പുരുഷന്മാരും 16 സ്ത്രീകളും 14 കുട്ടികളുമാണ് ഉള്ളത്. ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ച ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമുൾപ്പടെ എട്ട് പേരാണുള്ളത്. കണ്ടങ്കടവ് സെന്റ് സേവിയേഴ്സിൽ ആരംഭിച്ച ക്യാമ്പിൽ ഒരു കുടുംബത്തിലെ ഒരു പുരുഷനും ഒരു സ്ത്രീയും മൂന്ന് കുട്ടികളുമുൾപ്പടെ അഞ്ചു പേരും നായരമ്പലം ദേവിവിലാസം ഹൈസ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ മൂന്ന് കുടുംബങ്ങളിൽ നിന്നായി ഒരു പുരുഷനും എട്ട് സ്ത്രീകളും ആറ് കുട്ടികളുമുൾപ്പടെ 15 പേരുമാണുള്ളത്. കണയന്നൂർ താലൂക്കിൽ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ആരംഭിച്ച ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി ഒരു പുരുഷനും നാല് സ്ത്രീകളും മൂന്ന് കുട്ടികളുമുൾപ്പടെ എട്ട് പേരുമാണുള്ളത്.

വെള്ളപ്പൊക്ക സാദ്ധ്യതയും, കടലാക്രമണവും, കിഴക്കൻ മേഖലകളിൽ മലയിടിച്ചിൽ സാദ്ധ്യതയും കണക്കിലെടുത്ത് അടിയന്തിര സാഹചര്യം നേരിടാൻ ആശുപത്രികൾ സജ്ജമായിരിക്കണമെന്നും എല്ലാ ആരോഗ്യ സ്ഥാപനങ്ങളും അതാത് പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദ്രുത കർമ്മസേനയുടെ യോഗം ചേർന്ന് അടിയന്തിര നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Content Highlights:Heavy rain four camps started in Ernakulam