തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയും അറബിക്കടലില്‍ ബുധനാഴ്ചയും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. തെക്ക്-കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള മാലദ്വീപ്, ലക്ഷദ്വീപ് പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്‌. 

ബംഗാള്‍ ഉള്‍ക്കടലില്‍, തെക്കന്‍ ആന്തമാന്‍ കടലില്‍ പുതിയ ന്യൂന മര്‍ദ്ദം ചൊവ്വാഴ്ചയോടെ രൂപപ്പെടാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. 

ബുധനാഴ്ചയോടെ (ഡിസംബര്‍ 1) മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. കേരളത്തില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള - കര്‍ണാടക  തീരങ്ങളില്‍ നവംബര്‍ 30-നും ലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍  29-നും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള - കര്‍ണാടക  തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചിലയവസരങ്ങളില്‍ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്‌.

Content Highlights: Heavy rain forecast for next two days in Kerala