.jpg?$p=74dd70a&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അടിയന്തര യോഗം വിളിച്ചു. മറ്റന്നാള്‍ വരെ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചത്. മുഴുവന്‍ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് വിളിച്ചത്. വൈകിട്ട് ആറുമണിക്കാണ് ഓണ്‍ലൈന്‍ യോഗം. റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച 8 ജില്ലകളിലെ കലക്ടര്‍മാരും പങ്കെടുക്കും.
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
16 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വരും ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് 2 വരെയും രാത്രി 10.30 മുതല്‍ അര്‍ധരാത്രി വരെയും വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയില്‍ കൂടുതലാവാന്‍ സാധ്യത ഉള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
വേലിയേറ്റ സമയങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളില്‍ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്യാന്‍ സാധ്യതയുണ്ട്. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മല്‍സ്യബന്ധന വിലക്ക് അവസാനിക്കുന്നതുവരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോവാന്‍ പാടുള്ളതല്ലെന്നും അറിയിപ്പില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..