തിരുവല്ല: കനത്ത മഴയേതുടര്‍ന്ന് തിരുവല്ലയില്‍ വെള്ളപ്പൊക്കം. എം.സി റോഡില്‍ പലയിടങ്ങളിലും വെള്ളം കയറി. തിരുവല്ല കുറ്റൂര്‍, നിരണം അടക്കമുള്ള  താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി. ആളുകള്‍ വാഹനങ്ങള്‍ എല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിനിടെ വെള്ളം കയറാത്ത സ്ഥലങ്ങളിലേക്ക് മാറ്റിയ വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പമ്പ അണക്കെട്ടിലെ ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയോട് അടുത്ത സാഹചര്യത്തില്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനമായി. പമ്പാ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ജില്ലയില്‍ നിലനില്‍ക്കുന്ന ഓറഞ്ച് അലര്‍ട്ട് പരിഗണിച്ച് പൂര്‍ണ സംഭരണ ശേഷി എത്തുന്നതിന് മുമ്പുതന്നെ അണക്കെട്ടിന്റെ സുരക്ഷയെ കരുതിയാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഒഴിവാക്കാനാണ് ചെറിയതോതില്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.

അണക്കെട്ടിന്റെ ആറ് ഷട്ടറുകളും രണ്ട് അടിവീതം ഉയര്‍ത്തും. 16 അടി ഉയര്‍ത്താന്‍ സാധിക്കുന്ന ഷട്ടറുകളാണ് ഇവിടെയുള്ളത്.  രണ്ട് അടി ഷട്ടര്‍ ഉയര്‍ത്തുന്നതോടെ സെക്കന്റില്‍ 82 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേക്കൊഴുകും ഷട്ടര്‍ തുറന്നാല്‍ അഞ്ച് മണിക്കൂറിനുള്ളില്‍ വെള്ളം റാന്നിയിലെത്തും. ഇതേതുടര്‍ന്ന് റാന്നിയില്‍ ജാഗ്രാതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷട്ടര്‍ തുറക്കുന്നതോടെ പമ്പയില്‍ 40 സെന്റീമീറ്റര്‍ ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അണക്കെട്ട് തുറന്നാല്‍ തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാകുമെങ്കിലും വലിയ ആഘാതമുണ്ടാകില്ലെന്ന് കളക്ടര്‍ പറഞ്ഞു. ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ബോട്ടുകളടക്കം സജ്ജമാക്കിയിട്ടുണ്ട്. 

വെള്ളം ഉയരുന്നത് പരിഗണിച്ച് തിരുവല്ലയില്‍ കടകളിലെ സാധനങ്ങള്‍ വെള്ളത്തില്‍ മുങ്ങി നശിക്കാതിരിക്കാന്‍ കടയുടമകള്‍ ശ്രമം തുടങ്ങി. പലവീട്ടുകാരും വീടുകളുടെ മുകള്‍ നിലയിലേക്ക് താമസം മാറ്റിയിട്ടുണ്ട്. വെള്ളം ഇനിയും ഉയര്‍ന്നേക്കാമെന്ന കണക്കൂട്ടലിലാണ് ജനങ്ങള്‍. 2018ലെ പ്രളയത്തില്‍ വലിയ തോതില്‍ വെള്ളം കയറിയ പ്രദേശങ്ങളാണ് തിരുവല്ലയില്‍ അധികവും.  വെള്ളം തോട്ടപ്പള്ളി സ്പില്‍വേ വഴി കടലിലേക്ക് പോയാല്‍ മാത്രമേ അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നിന്ന് വെള്ളം ഇറങ്ങുന്ന സാഹചര്യമുണ്ടാവുകയുള്ളു.

Content Highlights: heavy rain flood in Tiruvalla