കോഴിക്കോട്: കേരളത്തില്‍ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. 11 ജില്ലകളില്‍ ഓഗസ്റ്റ് 16 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം,പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ആഗസ്റ്റ് 16 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ആഗസ്റ്റ് 15 വരെ റെഡ് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ ആഗസ്റ്റ് 16 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
ബുധനാഴ്ച മലപ്പുറത്തും ഇടുക്കിയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി 6 പേർക്ക് ജീവന്‍ നഷ്ടമായി. ഇതോടെ മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 49 ആയി.
ഇടുക്കി
മുല്ലപ്പെരിയാര്‍ ഡാമിന്റെ 11 ഷട്ടറുകള്‍ തുറന്നു. കൂടാതെ ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടുകയും ചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അണക്കെട്ടിലെ 13 സ്പില്‍വേ ഷട്ടറുകളും തുറന്നു വിട്ടു. 7500 ഘനയടി വെള്ളമാണ് ഇപ്പോള്‍ ഒഴുക്കി വിടുന്നത്. പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് ക്രമേണ വര്‍ധിപ്പിക്കും. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അണക്കെട്ട് തുറന്നത്.മൂന്നാര്‍-ദേവികുളം പാതയില്‍ മണ്ണിടിച്ചിലുണ്ടായി. മൂന്നാറില്‍ ലോഡ്ജിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിലവിലെ സാഹചര്യത്തില്‍ ബുധനാഴ്ച്ച വരെ ജില്ലയില്‍ റെഡ് അലേര്‍ട്ട് തുടരും.
തൃശ്ശൂര്‍
ജില്ലയുടെ പലഭാഗങ്ങളും വെള്ളത്തിനടിയില്‍. ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ വീതവും, പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ 19 ഇഞ്ച് വീതവും വാഴാനി ഡാമിന്റെ നാല് ഷട്ടറുകള്‍ 20 സെന്റിമീറ്ററും ഉയര്‍ത്തി.
പാലക്കാട്
ഭാരതപ്പുഴയില്‍ വെള്ളം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് പട്ടാമ്പി പാലം അടച്ചു. പാലക്കാട് ജില്ലയിലെ 11 അണക്കെട്ടുകളും തുറന്നു വിട്ടു. പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭാരതപ്പുഴയില്‍ നീരൊഴുക്കുവര്‍ദ്ധിക്കുന്നതിനാല്‍ തൃത്താല മേഖലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. ആനക്കര പഞ്ചായത്തില്‍ കൂടല്ലൂരിലും മണ്ണിയം പെരുമ്പലത്തുമായി പന്ത്രണ്ടോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു, തുറയാറ്റിന്‍കുന്ന് ,പെരുമ്പലം പ്രദേശങ്ങളിലെ മൂന്നോളം കുടുംബങ്ങളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്
വയനാട്
ഏറ്റവും കൂടുതല്‍ പ്രളയക്കെടുത്തി ബാധിച്ച ജില്ലയാണ് വയനാട്. ബാണാസുരസാഗര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകളും ഉയര്‍ത്തിയ നിലയിലാണ്. ഗതാഗതവും തടസപ്പെട്ടതിനെ തുടര്‍ന്ന് ജില്ല ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്.
വയനാട്ടിലേക്കുള്ള പ്രധാനപാതയായ താമരശ്ശേരി ചുരത്തിലെ ഏട്ടാം വളവിനും ഒമ്പതാം വളവിനും ഇടയില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. നിലവില്‍ പതിനായിരക്കണക്കിന് പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
കോഴിക്കോട്
മലയോരമേഖയുള്‍പ്പെട്ട കോഴിക്കോട് ജില്ലയില്‍ പലയിടത്തും ഉരുള്‍പ്പൊട്ടലുണ്ടായി. തിരുവമ്പാടിയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് വീടുകള്‍ ഒറ്റപ്പെട്ടു. പല സ്ഥലങ്ങളിലും പാലങ്ങളും റോഡും ഒലിച്ചുപോയി. കൊടുവള്ളി, മുക്കം,മാവൂര്‍ ഭാഗങ്ങളില്‍ റോഡില്‍ വെള്ളം കയറി ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്. ജില്ലയിലെ പ്രധാനപുഴകളായ ഇരുവഴഞ്ഞിപ്പുഴ, ചാലിയാര്‍ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്.
മലപ്പുറം
മലപ്പുറം ജില്ലയില്‍ വ്യാപകനാശനഷ്ടമുണ്ടായി. മലപ്പുറം ജില്ലയില്‍ ഏഴിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. കൃഷിക്കും വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്
എറണാകുളം
പെരിയാറില്‍ ജലനിരപ്പുണ്ടായതിനെത്തുടര്‍ന്ന് ആലുവയിലും വെള്ളപ്പൊക്കമുണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വിമാനത്താവളം താത്ക്കാലികമായി അടച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് ഉച്ചയ്ക്ക് രണ്ടു മണി വരെ വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാന്‍ തീരുമാനിച്ചത്. വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു.
പത്തനംതിട്ട
ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറാന്‍ കലക്ടറുടെ നിര്‍ദ്ദേശം. ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല പൂര്‍മായും ഒറ്റപ്പെട്ടു. നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമലയിലേക്ക് തിരിച്ച തന്ത്രിയും കൂട്ടരും വനത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. പമ്പ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഭക്തജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
തിരുവനന്തപുരം
കനത്ത മഴയും നീരൊഴുക്കും തുടരുന്നതിനാല്‍ അരുവിക്കര, പേപ്പാറ അണക്കെട്ടുകളുടെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളില്‍ മൂന്നെണ്ണം 50 സെ. മി. ഉയര്‍ത്തിയിട്ടുണ്ട്. അരുവിക്കര അണക്കെട്ടിന്റെ 6 ഷട്ടറുകളില്‍ 5 എണ്ണം ഉയര്‍ത്തി.നെയ്യാര്‍ഡാം വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തേണ്ടി വന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആലപ്പുഴ
ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളടക്കം തടസപ്പെട്ടിട്ടുണ്ട്. ശബരിഗിരി പദ്ധതിയിലെ വിവിധ ഡാമുകള്‍ തുറന്നിട്ടുണ്ട്.
കാസര്‍കോഡ്
ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റോഡുകളില്‍ വെളളം പൊന്തിയതിനാല്‍ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു.