തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. വിഴിഞ്ഞത്തു നിന്നും നീണ്ടകരയില്‍ നിന്നും മീന്‍ പിടിക്കാന്‍ പോയ ഏഴുപേരെ കാണാതായി. ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി. ഇടുക്കിയിലും കോഴിക്കോട്ടും അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച കാസര്‍കോട് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യങ്ങളില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച ശക്തി പ്രാപിച്ച കനത്ത മഴയില്‍ ലോവര്‍ പെരിയാര്‍ (പാംബ്ല), കല്ലാര്‍കുട്ടി, ഭൂതത്താന്‍കെട്ട്, മലങ്കര ഡാമുകളുടെ ഷട്ടര്‍ തുറന്നു. ഇത് പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ മുല്ലപ്പെരിയാര്‍ ഇടുക്കി റിസര്‍വോയറുകളിലെ ജലനിരപ്പില്‍ ആശങ്കയില്ലെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. പെരുവണ്ണാമുഴി ഡാമിന്റെ ഷട്ടര്‍ ഇന്നലെ രാത്രി തുറന്നിരുന്നു.
വിഴിഞ്ഞത്തു നിന്നും ബുധനാഴ്ച മീന്‍ പിടിക്കാന്‍ പോയ നാല് പേരാണ് ഇനിയും തിരിച്ചു വരാനുള്ളത്. വ്യാഴാഴ്ച തിരിച്ചെത്തേണ്ട ഇവര്‍ ശനിയാഴ്ചയായിട്ടും എത്തിച്ചേരാത്ത സാഹചര്യത്തില്‍ ആശങ്കവര്ദ്ധിച്ചിട്ടുണ്ട്. അതേ സമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന ആരോപണവും ഉയര്‍ന്നു. കടലില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് പത്തോളം വള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ തിരച്ചിലിനായി കടലില്‍ പോയി.
കൊല്ലം നീണ്ടകരയില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ കന്യാകുമാരി സ്വദേശികളായ മൂന്നു പേരെയാണ് കാണാതായത്. കനത്ത തിരയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മുങ്ങിയിരുന്നു. ഒപ്പമുണ്ടായ മൂന്ന് പേര് രക്ഷപ്പെട്ടു. തിരച്ചില്‍ തുടരുകയാണ്.
എറണാകുളം ചെല്ലാനത്ത് കടലാക്രമണം രൂക്ഷമാണ്. 80 വീടുകളില്‍ വെള്ളം കയറി. ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ റനീഷിനെയാണ് കാണാതായത്. കൊല്ലം ആലപ്പാട്ട് കടല്‍ കയറിയത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ 200 പേരെയും കണ്ണൂരില്‍ 100 ലേറെ പേരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
Content highlights: 7 fishermen missing in heavy rain, alert issued