ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രമാകും; ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത


ഷട്ടറുകൾ തുറന്നതിനെത്തുടർന്ന് അരുവിക്കര ജലസംഭരണിയിലെ കരമനയാറിൽ നീരൊഴുക്കു ശക്തമായപ്പോൾ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. സംസ്ഥാന്തത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തുടര്‍ന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് നവംബര്‍ 18 ഓടെ ആന്ധ്രാ പ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. വടക്കന്‍ തമിഴ്‌നാടിനു മുകളിലും തെക്ക് കിഴക്കന്‍ അറബികടലിലും ചക്രവാതചുഴി നിലനില്‍ക്കുന്നു.ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച പെയ്ത കനത്ത മഴയില്‍ തലസ്ഥാന ജില്ലയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. മലയോര മേഖലയിലും തീരദേശ മേഖലയിലും നഗരപ്രദേശത്തും നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. റെയില്‍ റോഡ് ഗതാഗതം പലയിടത്തും സ്തംഭിച്ചു.

മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് മലയോര മേഖലയില്‍ രാത്രിയാത്ര പൂര്‍ണമായി നിരോധിച്ചു. ക്വാറികളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ ഇന്നും കനത്ത മഴയാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജില്ലയില്‍ 33 ദുരിതാശ്വാസ ക്യാമ്പുകളിലായി 571 പേര്‍ കഴിയുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് ആണ്.

തീരദേശം വെള്ളത്തിലായി

ശക്തമായ മഴയില്‍ പൂവാര്‍ കരുംകുളം, കാഞ്ഞിരംകുളം, തിരുപുറം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിലായി. അടിമലത്തുറ, പുല്ലുവിള തീരത്തെ വീടുകള്‍ക്കുചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവുന്നില്ല.കാഞ്ഞിരംകുളം പഞ്ചായത്തില്‍ പൊട്ടക്കുളത്ത് നാല്‍പ്പതിലധികം വീടുകള്‍ക്കുചുറ്റും വെള്ളം കയറി. ഇവിടെ മലിനംകുളത്തില്‍ വെള്ളം ഒഴുക്കിക്കളയാന്‍ ഡിജിറ്റല്‍ പമ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതികള്‍ ഉയരുന്നു. അതിനാല്‍ പ്രദേശമാകെ വെള്ളപ്പൊക്കഭീഷണിയിലാണ്.

പൂവാര്‍ പഞ്ചായത്തിലെ അരുമാനൂര്‍ താമരക്കുളം കരകവിഞ്ഞൊഴുകുകയാണ്. ഇവിടെ നിക്ഷേപിച്ചിരുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ ഒഴുകിപ്പോയി. അരുമാനൂര്‍ മുടുമ്പുനട റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. പൂവാര്‍ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളില്‍ ഭൂരിഭാഗവും വെള്ളക്കെട്ടായി. നെയ്യാറിന്റെ കരയായ തെറ്റിക്കാടുള്ള 40-ലധികം വീടുകളും വെള്ളപ്പൊക്കഭീഷണിയിലാണ്. നെയ്യാര്‍ഡാം തുറന്നുവിട്ടതിനാല്‍ വെള്ളം വീടുകളില്‍ കയറുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

കരുംകുളം പഞ്ചായത്തിലെ നൂറുകണക്കിന് വീടുകള്‍ക്കുചുറ്റും മഴവെള്ളവും മാലിന്യവും കലര്‍ന്നാണ് നിറഞ്ഞിട്ടുള്ളത്. തീരദേശവാസികളുടെ പ്രധാന യാത്രാമാര്‍ഗമായ ഗോതമ്പ് റോഡും പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി.വിഴിഞ്ഞം-പൂവാര്‍ തീരദേശറോഡിലെ കൊച്ചുതുറയിലും കരുംകുളത്തും നാലടിയിലധികം വെള്ളം നിറഞ്ഞത് തീരദേശറോഡിലൂടെയുള്ള വാഹനയാത്ര ദുഷ്‌കരമാക്കി. കനത്ത മഴയില്‍ തിരുപുറം പഞ്ചായത്തിലെ കൃഷിയിടങ്ങളെല്ലാം വെള്ളക്കെട്ടായി മാറി.

ഉള്‍ക്കാട്ടിലും മലയോരത്തും കനത്ത മഴ

രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ മലയോരമേഖലയില്‍ വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും കനത്ത നാശം. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 15-ലധികം വീടുകള്‍ ഭാഗികമായി തകര്‍ന്നു. വന്‍ മരങ്ങള്‍ കടപുഴകിവീണും സമീപത്തെ മതിലുകള്‍ ഇടിഞ്ഞുവീണുമാണ് വീടുകള്‍ തകര്‍ന്നത്. ശക്തമായ മഴയില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറി ലക്ഷക്കണക്കിനു രൂപയുടെ കാര്‍ഷികവിളകള്‍ക്കും നാശനഷ്ടമുണ്ട്. വാമനപുരം പഞ്ചായത്തിലെ മേലാറ്റുമൂഴി, ചെമ്പിന്‍കുഴി ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. ഇവിടെനിന്ന് 12 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഡി.കെ.മുരളി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

ആനാട്, നന്ദിയോട്, വെള്ളനാട്, ആര്യനാട് പഞ്ചായത്തുകളിലാണ് വ്യാപകമായി കൃഷി നശിച്ചത്. അപ്രതീക്ഷിതമായെത്തിയ മഴ കര്‍ഷകരുടെ പ്രതീക്ഷകളെ തകര്‍ത്തു. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. കാര്‍ഷികവിളകള്‍ അഴുകി നശിച്ചു.നെടുമങ്ങാട് നഗരസഭയില്‍ കുശര്‍കോട് വാര്‍ഡില്‍ രജിതയുടെ വീടിന്റെ ചുമരിടിഞ്ഞുവീണു. വെമ്പായം പെരുങ്കൂറില്‍ വല്ലകത്തിന്‍മൂട് യേശുദാസന്റെ വീട് മതിലും വലിയ പാറക്കഷണങ്ങളും ഇടിഞ്ഞുവീണ് തകര്‍ന്നു. സന്നഗര്‍ വാര്‍ഡില്‍ സുന്ദര്‍സിങ്ങിന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി.

കൃഷി നശിച്ചു

നെടുമങ്ങാട് ചെല്ലാംകോട് തോട് കരകവിഞ്ഞൊഴുകിയതോടെ സമീപത്തെ കൃഷിയിടങ്ങള്‍ വെള്ളത്തിലായി. തീമത്തിയോസ് എന്ന കര്‍ഷകന്റെ വാഴ, നെല്ല്, പച്ചക്കറി തുടങ്ങിയവയെല്ലാം വെള്ളത്തിനടിയിലായി. ആര്യനാട് കീഴ്പാലൂരില്‍ ആറ് കരകവിഞ്ഞൊഴുകി കൃഷിയിടങ്ങളിലേക്ക് വെള്ളംകയറി. മീനാങ്കല്‍, ഈഞ്ചപ്പുലി, കടുവാക്കുഴി, ചെറുമഞ്ചല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവുമുണ്ടായി.

അണക്കെട്ടുകള്‍ തുറന്നു

ഉള്‍വനത്തില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ നാലു ഷട്ടറുകളും പേപ്പാറ ഡാമിന്റെ രണ്ടു ഷട്ടറുകളും നെയ്യാര്‍ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പുകള്‍

14-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസറഗോഡ്
15-11-2021: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

14-11-2021: എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
15-11-2021: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
16-11-2021: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ ഭാഗമായുള്ള മഴയും ലഭിക്കുന്നുണ്ട്. ന്യൂനമര്‍ദത്തെ കാലാവസ്ഥാ കേന്ദ്രം നിരീക്ഷിച്ച് വരികയാണ്. തെക്ക് കിഴക്കന്‍ അറബിക്കടലിലും വടക്കന്‍ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിനാല്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നു.

ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ/അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ അതിശക്ത മഴ ഉണ്ടായേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കേരളം - ലക്ഷദ്വീപ് തീരത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും പോയിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ നവംബര്‍ 15 നു ഉള്ളില്‍ തീരത്ത് എത്തിച്ചേരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Content Highlights: Heavy rain causes immense loss in trivandrum and orange alert to continue

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented