കോഴിക്കോട്: കോഴിക്കോടുനിന്ന് വയനാട് ഭാഗത്തേക്കു പോകുന്ന ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കുറ്റ്യാടി വഴി സര്‍വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് - കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലാണിത്.

കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡ് ജൂലൈ 12 വരെ അടച്ചു. ഉരുള്‍പൊട്ടലില്‍ മാക്കൂട്ടത്ത് റോഡ് ഒലിച്ചുപോയ സാഹചര്യത്തിലാണ് പാത അടച്ചത്. തലശേരി - മൈസൂര്‍ റൂട്ടില്‍ മാക്കൂട്ടം വഴി സര്‍വീസ് നടത്തിയിരുന്ന സുപ്പര്‍ ക്ലാസ് ബസുകള്‍ കുട്ട വഴി വയനാടിലേക്കും മൈസൂര്‍ ബാംഗ്ലൂര്‍ലേക്കും സര്‍വീസ് നടത്തും. 

കോഴിക്കോട്- അടിവാരം റോഡില്‍ വെള്ളക്കെട്ട് ഒഴിയുന്ന മുറയ്ക്ക് ചിപ്പില തോട് വരെ ഓര്‍ഡിനറി സര്‍വീസ് നടത്തും. ഇവിടെ നിന്ന് യാത്രക്കാര്‍ 200 മീറ്റര്‍ ദൂരം കാല്‍നട യാത്ര ചെയ്ത് വയനാട് ഭാഗത്തേക്കുള്ള ബസ്സില്‍ കയറാവുന്നതാണ്. വയനാട്ടില്‍ നിന്നും ഇതിനനുസരിച്ച് കെഎസ്ആര്‍ടിസി ബസ് സമയക്രമീകരണം നടത്തുമെന്ന് മന്തി പറഞ്ഞു. ഉരുള്‍പൊട്ടലും വെള്ളപൊക്കവും കനത്ത കാലവര്‍ഷവും മൂലമുണ്ടായ അസൗകര്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.