നിലമ്പൂര്‍ (മലപ്പുറം): കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കം. നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിതുടങ്ങി. 

നിലമ്പൂര്‍ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍പ്പൊക്കത്തിലാണ് വെള്ളമുയര്‍ന്നിരിക്കുന്നത്. പ്രദേശത്തെ വ്യാപാരസ്ഥാനങ്ങളുടെയും കെട്ടിടങ്ങളുടെയും ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പ്രദേശത്തെ പല വീടുകളും വെള്ളത്തില്‍ മുങ്ങി. 

ബുധനാഴ്ച രാത്രിമുതല്‍ നിലമ്പൂരിലും സമീപപ്രദേശങ്ങളിലും ശക്തമായ  മഴ പെയ്തിരുന്നു. കൂടാതെ വനമേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടലുമുണ്ടായി. ഇതിനെതുടര്‍ന്നാണ് നിലമ്പൂരില്‍ വെള്ളമുയര്‍ന്നത്.

nilambur rain
നിലമ്പൂരില്‍ വീടുകളില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ ബോട്ടുകളില്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

ഓരോനിമിഷവും ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും പലയിടങ്ങളില്‍നിന്നും ജനങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറാന്‍ വിസമ്മതിക്കുന്നതായാണ് വിവരം. വെള്ളമിറങ്ങുമെന്ന പ്രതീക്ഷയില്‍ പലരും വീടുകളുടെ രണ്ടാംനിലയില്‍ കഴിയുകയാണ്. ഇവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.  

nilambur rain
നിലമ്പൂരിലെ വെള്ളപ്പൊക്കത്തില്‍ വീടുകളില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

നെടുങ്കയം, മുണ്ടക്കടവ് കോളനികളില്‍ നൂറിലധികം പേരാണ് കുടുങ്ങികിടന്നത്. ഇവരെ വ്യാഴാഴ്ച രാവിലെയോടെ അഗ്നിരക്ഷാസേനാംഗങ്ങള്‍, ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. അതിനിടെ, വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പ്രദേശത്ത് മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ജലനിരപ്പും ഉയരുകയാണ്. 

nilambur flood
നിലമ്പൂര്‍ നെടുങ്കയം കോളനിയില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് നിലമ്പൂരില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടായത്. ഒരുവര്‍ഷത്തിന് ശേഷം വീണ്ടും അതേ സാഹചര്യം ഉണ്ടാകുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍.

nilambur rain
നിലമ്പൂരിലെ വെള്ളപ്പൊക്കത്തില്‍ വീടുകളില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

നിലമ്പൂര്‍ വനമേഖലയിലെ നെടുങ്കയത്ത് ഉരുള്‍പ്പൊട്ടലുണ്ടായതിനാല്‍ ചാലിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

Content Highlights: heavy rain and water logging in nilambur,malappuram