സംസ്ഥാനത്ത് സൂര്യാതപമേറ്റ് വെള്ളിയാഴ്ച മൂന്നുതൊഴിലാളികള്‍ മരിച്ചു. കൊല്ലം ആയൂര്‍ തേവന്നൂര്‍ കൊച്ചുകുന്നുംപുറം നെല്ലിവിളവീട്ടില്‍ ജി.ഗോപി (65), കോട്ടയം കല്ലറമുണ്ടാര്‍ കോളനിയില്‍ അഞ്ചാംനമ്പര്‍ വീട്ടിലെ ടി.സാബു(43), കണ്ണൂര്‍ ആലക്കോട് വലിയ കരോട്ട് ജോസഫ് (ജോയി-68) എന്നിവരാണ് മരിച്ചത്. ബന്ധുവിന്റെ  പുരയിടത്തില്‍ കിളച്ചുകൊണ്ടുനില്‍ക്കുമ്പോഴാണ് ഗോപിക്ക് സൂര്യതപമേറ്റത്.
മത്സ്യത്തൊഴിലാളിയാണ് സാബു. രാവിലെ 10 മണിയോടെ മീന്‍പിടിക്കുന്നതിന് വീട്ടില്‍നിന്നു പോയതാണ്. 

മറ്റൊരാളുടെ പറന്പില്‍ തേങ്ങയിട്ടതിനുശേഷം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ജോസഫിന് സൂര്യാതപമേറ്റത്. ഇതിനിടെ, ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചു. അത്യധികം കടുത്ത ചൂടുള്ള ഈ അവസ്ഥ വെള്ളിയാഴ്ച കേരളത്തില്‍ ഉണ്ടായതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് സ്ഥിരീകരിച്ചു. പാലക്കാട്ടും കോഴിക്കോട്ടും ദിവസങ്ങളായുള്ള കൊടുംചൂട് കണക്കിലെടുത്താണ് ഈ പ്രഖ്യാപനം.