പാലക്കാട് 41.7
കണ്ണൂര്‍ 39.2
കോഴിക്കോട്  39.1

തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതാ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പിന്‍വലിച്ചു. പാലക്കാട്ട്  തുടര്‍ച്ചയായ മൂന്നാംദിവസവും താപനില 41 ഡിഗ്രിക്ക് മുകളിലായിരുന്നു (41.7). എന്നാല്‍, മറ്റെങ്ങും 40 ഡിഗ്രിക്ക് മുകളില്‍ ചൂടുയരാത്തതിനാലാണ്  മുന്നറിയിപ്പ് പിന്‍വലിച്ചത്. 

 വ്യാഴാഴ്ച  രേഖപ്പെടുത്തിയ 39.2 ഡിഗ്രി കണ്ണൂരിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയതാണ്. മാര്‍ച്ച് 12-ന് ഇവിടെ 39.1 ഡിഗ്രിവരെ ചൂടുയര്‍ന്നിരുന്നു.  കോഴിക്കോട്ട് രേഖപ്പെടുത്തിയ 39.1 ഡിഗ്രിയും ഇവിടത്തെ ചരിത്രത്തിലെ ഉയര്‍ന്ന താപനിലയായിരുന്നു. എന്നാല്‍, ഇത് റെക്കോഡല്ല. ഈ മാസം 16-നും ഇതേ താപനില രേഖപ്പെടുത്തിയിരുന്നു. 

ചൂടുകുറയും മഴപെയ്യും 
 ഇനിയുള്ള ദിവസങ്ങളില്‍ ചൂട് പൊതുവെ കുറയുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ.സന്തോഷ് പറഞ്ഞു. മെയ് രണ്ടാംതീയതിയോടെ 25 മുതല്‍ 50 വരെ ശതമാനം കേന്ദ്രങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് അഞ്ചോടെ പാലക്കാടുള്‍പ്പെടെ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്.  കനത്ത ചൂട് കണക്കിലെടുത്ത് റാലികള്‍ ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ ഉപദേശിച്ചു.

വീണ്ടും മരണം 
 സൂര്യാതപമേറ്റ് തളര്‍ന്നുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തൃശ്ശൂര്‍ ചെങ്ങാലൂര്‍ രണ്ടാംകല്ല് ചക്കാലയ്ക്കല്‍ പൗലോസ് (59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വൈദ്യുതി ബില്‍ അടച്ച് വന്നയുടന്‍ തളര്‍ന്നുവീഴുകയായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് മരിച്ചു.  പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ട് നാലു ദിവസം മുമ്പ് വീട്ടമ്മ മരിച്ചത് സൂര്യാതപത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സൂചന. കോയമ്പത്തൂരില്‍നിന്ന് ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അവര്‍.