
-
ഗാന്ധിനഗര്‍ (കോട്ടയം): അതിജീവനത്തിനായി ശ്രമിക്കുന്ന ലോകത്തിന് അവയവമാറ്റത്തിലൂടെ പ്രതീക്ഷയുടെ സന്ദേശം നല്കി കേരളം. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ശ്രീകുമാറിന്റെ ഹൃദയം ഇനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള അതിരമ്പുഴ തെള്ളകം കൊറ്റിയാത്ത് കെ.സി.ജോസി (62)ന് പുതുജീവനേകും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്നാണ് ഹൃദയം ലഭിച്ചത്. കോട്ടയം മെഡിക്കല്‍കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി.കെ.ജയകുമാറാണ് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

കല്ലമ്പലത്തിനടുത്ത് ബൈക്കപകടത്തില്‍ പരിക്കേറ്റ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീകുമാറിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അവയവദാനത്തിന് ഭാര്യ ബേബി ബിന്ദുവും മകന് സ്വാതിനും സമ്മതം നല്‍കിയതിനെത്തുടര്‍ന്നാണ് ജോസിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കായി വഴിതുറന്നത്. തടിപ്പണിക്കാരനായ ജോസിന് ഒരു വര്‍ഷം മുമ്പാണ് ഹൃദയാഘാതം ഉണ്ടാവുന്നതും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതും.
തുടര്‍ചികിത്സ സ്വകാര്യ ആശുപത്രിയില്‍ നടത്തി എങ്കിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം പതിനഞ്ച് ശതമാനത്തില്‍ താഴെയെന്ന് കണ്ടെത്തിയത്.
ഹൃദയം മാറ്റിവെക്കല്‍ മാത്രമാണ് തുടര്ചികിത്സയെന്ന് മനസ്സിലാക്കി മൃതസഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും ഹൃദയം ലഭിക്കുവാന്‍ സാധ്യതയുണ്ടെന്ന വിവരം ആശുപത്രിയില്‍ ലഭിക്കുന്നത്.
ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി ഹൃദയം ഏറ്റുവാങ്ങുകയായിരുന്നു. മസ്തിഷ്കമരണം സംഭവിച്ച വ്യക്തിക്കും അവയവം സ്വീകരിക്കേണ്ടയാള്ക്കും കോവിഡ് പരിശോധനയും നടത്തി. ശ്രീകുമാറിന്റെ കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും രോഗികള്‍ക്കായി നല്‍കും.
മൃതസഞ്ജീവനി കണ്‍വീനറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. എം.കെ. അജയകുമാര്‍, സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി.
ജയകുമാര്‍ ഡോക്ടര്‍ക്ക് ഇത് ആറാം ഊഴം
കോട്ടയം മെഡിക്കല്‍ കോളേജിലെ ആറാമത്തെ ഹൃദയ മാറ്റ ശസ്ത്രക്രിയയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ നടന്നത്. ആറിനും കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൃദയരോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ: ടി.കെ. ജയകുമാര്‍ തന്നെ അമരക്കാരന്.
ഹൃദയം സ്വീകരിക്കുന്ന ജോസിന്റെ ബന്ധുക്കള്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നപ്പോള്‍ ഡോക്ടര്‍ക്ക് ഇത് വിശ്രമമില്ലാത്ത ദിവസം.

വെള്ളിയാഴ്ച്ച പത്തു മണിയോടെയാണ് തിരുവനന്തപുരത്തു നിന്നും ഹൃദയം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന സന്ദേശം എത്തുന്നത്. പിന്നെ തിരക്കിന്റെ മണിക്കൂറുകള്‍. പരിശോധനകള്‍ പലത് പൂര്‍ത്തിയായി ജോസിന്റെ രക്തവുമായി ഹൃദയം ചേരുമെന്ന് തീരുമാനിക്കുമ്പോള്‍ സമയം ഉച്ചയ്ക്ക് രണ്ടര. ഉടന്‍ ഹൃദയം സ്വീകരിക്കുവാനുള്ള ഉപകരണങ്ങള്‍ അടങ്ങിയ സംഘവുമായി ഡോ: ജയകുമാര്‍ തിരുവനന്തപുരത്തേക്ക്.
ആറ് പത്തിന് തിരുവനന്തപുരത്ത് എത്തിയ സംഘം മറ്റ് അവയവങ്ങള്‍ മാറ്റലും പരിശോധനകളും പൂര്‍ത്തിയാക്കി ഹൃദയം എടുക്കുമ്പോള്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി കഴിഞ്ഞിരുന്നു.
Content Highlight: Heart Transfer in Lockdown Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..