'ഇങ്ങനെ കൈയ്യൊഴിയാന്‍ മാത്രം എന്തു കുറ്റമാണ് ഞങ്ങള്‍ ചെയ്തത്' അഭയം തേടിയലഞ്ഞ അമ്മ ചോദിക്കുന്നു


ജോളി അടിമത്ര

കൊറോണക്കാലത്തെ പതിനായിരങ്ങളുടെ പ്രതിനിധിയാണ് ഈ മുപ്പത്തിയെട്ടുകാരി. നമ്മളറിയാത്ത വേദനയുടെ മറ്റൊരു നേര്‍ കാഴ്ച.

തലചായിക്കാനൊരിടം അനുവദിച്ചുകിട്ടാൻ കോട്ടയം കളകട്റേറ്റിൽ മക്കളുമൊപ്പം വ്യാഴാഴ്ച എത്തിയ യുവതി

രു പകല്‍ മുഴുവന്‍നീണ്ട അലച്ചിലിനു ശേഷം ഒടുവില്‍ അവള്‍ ആശ്വാസത്തോടെ ക്രിസിറ്റീന്‍ ധ്യാനകേന്ദ്രത്തിന്റെ പടിക്കലെത്തി. അനുവദിച്ചുകിട്ടിയ മുറിയില്‍ ബാഗും സാധനങ്ങളും അടുക്കി വയ്ക്കുമ്പോഴേക്കും കുഞ്ഞുമക്കള്‍ രണ്ടുപേരും നന്നേ തളര്‍ന്നിരുന്നു. തലചായ്ക്കാനൊരിടം തേടി ഒരു ദിവസം മുഴുവന്‍ നീണ്ട അലച്ചിലിനൊടുവില്‍ കിട്ടിയ മുറി കണ്ടതും കുട്ടികള്‍ ആശ്വസത്തോടെ കട്ടിലില്‍ കയറി കിടപ്പായി. രാത്രി ഒമ്പതു മണിക്ക് ജമിനിയെ ഞാന്‍ വിളിക്കുമ്പോള്‍ മറുതലയ്ക്കല്‍ ആശ്വാസം കൊണ്ടുള്ള കരച്ചില്‍.

''ഭക്ഷണം കഴിച്ചു,ഇവിടെ വന്നു കയറിയപ്പോഴേ ആശ്വാസമായി.കുഞ്ഞുങ്ങള്‍ ഉറങ്ങിപ്പോയി. പകല്‍ മുഴുവന്‍ വിശന്നുതളര്‍ന്നതല്ലേ,ചുരുണ്ടുകൂടാനൊരു മുറികിട്ടിയല്ലോ.''കൊറോണക്കാലത്തെ പതിനായിരങ്ങളുടെ പ്രതിനിധിയാണ് ഈ മുപ്പത്തിയെട്ടുകാരി. നമ്മളറിയാത്ത വേദനയുടെ മറ്റൊരു നേര്‍ കാഴ്ച. ഒരുജോലിതേടി അന്യസ്ഥലത്ത് പോയത് കുറ്റമാണോ,മറ്റൊരു സംസ്ഥാനത്ത് എല്ലുമുറിയെ പണിചെയ്തും മക്കളെ പോറ്റിയത് കുറ്റമാണോ,ജോലിനഷ്ടപ്പെട്ട് അവസ്ഥയില്‍ പിറന്ന നാട്ടിലേക്കു തിരിച്ചു വന്നപ്പോഴോ ,അപമാനങ്ങളും ഒറ്റപ്പെടുത്തലുകളും മാത്രം. ഉറ്റവരുടെ ആട്ടിയോടിക്കലുകള്‍ അതവരെവരെ അടിപതറിച്ചു കളയുന്നു.

കോട്ടയം കുറവിലങ്ങാട് സ്വദേശിയായ യുവതി അനുഭവം ഞെട്ടിക്കുന്നതാണ്. ഭര്‍ത്താവും അമ്മയും സഹോദരനും കൈയ്യൊഴിഞ്ഞതോടെ സാമൂഹ്യപ്രവര്‍ത്തകരുടെ സഹയത്താല്‍ മാത്രം ഇന്നലെ രാത്രി ചുരുണ്ടുകൂടാന്‍ ഒരിടം കിട്ടിയ സംഭവം. 14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞു, കോവിഡില്ല,റാപ്പിഡ് ടെസ്റ്റ് നെഗറ്റീവ്. എന്നിട്ടും കരുണ കാണിക്കാത്ത ഉറ്റവര്‍.

കുറുപ്പുന്തറ സ്വദേശിയായ യുവതിയെ വിവാഹം ചെയ്തത് ഏറ്റുമാനൂര്‍, കുറുമുള്ളൂരിലെ യുവാവാണ്. നഴ്സിംഗ് ജോലി ചെയ്തുജീവിക്കുന്ന യുവതി ഒന്നര വര്‍ഷമായി ബാംഗ്‌ളൂരിലാണ് താമസം. അവിടെ സഹോദരങ്ങള്‍ രണ്ടുപേരുണ്ട്. ഭര്‍ത്താവും ആറുമാസം മുമ്പ് അവള്‍ക്കൊപ്പം ബാംഗ്ളൂരില്‍ ഉണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് നാട്ടിലേക്കു മടങ്ങിയെങ്കിലും മക്കളുടെ പഠിപ്പ് ഓര്‍ത്ത് യുവതി അവിടെ തുടരുകയായിരുന്നു. കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന ജോലി നഷ്ടപ്പെട്ട യുവതി സഹോദരിക്കൊപ്പം രണ്ടാഴ്ച താമസിച്ചു. അവര്‍ക്കു ഭാരമാകേണ്ടെന്നു കരുതിയാണ് നാട്ടിലേക്കു തിരിച്ചത്. അമ്മയ്ക്കൊപ്പം താമസിക്കാമെന്നു കണക്കുകൂട്ടിയാണ് നാട്ടിലേക്ക് രണ്ടാഴ്ച മുമ്പ് വന്നത്. നേരെ മക്കളുമായി പാലയിലെ ക്വാറന്റീന്‍ സെന്ററില്‍ രണ്ടാഴ്ച കഴിഞ്ഞു. അതിനിടെ നടത്തിയ സ്രവപരിശോധനയില്‍ യുവതിയും മക്കളും നെഗറ്റീവ്. ഇനി മടങ്ങാമെന്ന് ജൂലൈ ഒന്നിന് വൈകുന്നേരം ക്വാറന്റീന്‍ സെന്ററില്‍ നിന്ന് അറിയിച്ചു.
യുവതി ഭര്‍ത്താവിനെ വിവരമറിയിച്ചു. വീട്ടിലേക്കു കൊണ്ടുപോകാനാവാത്ത അവസ്ഥയാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഭര്‍തൃമാതാവിനെ വിളിച്ചു. വീട്ടിലേക്കു ചെല്ലേണ്ടാ എന്ന ഉറച്ച മറുപടി തന്നെയാണ് കിട്ടിയത്.

''ഞാനെവിടെയെങ്കിലും ചുരുണ്ടു കൂടിക്കോളാം, കുഞ്ഞുങ്ങളെയെങ്കിലും വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു ചോദിച്ചതിനും പറ്റില്ലെന്ന മറുപടിയാണ് കിട്ടിയത്. ഈ മഴക്കാലത്ത് ഏഴും നാലും വയസ്സായ കുഞ്ഞുങ്ങളുമായി ഞാനെവിടെ പോകാന്‍. എന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. അമ്മയ്ക്കു ശ്വാസകോശ രോഗമുള്ളതാണ്, രണ്ടാഴ്ചകൂടെ കഴിയട്ടെയെന്നായിരുന്നു അമ്മയുടെ മറുപടി. എനിക്ക് പോകാനൊരിടമില്ലെന്ന് ക്വാറന്റീന്‍ സെന്ററില്‍ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. 'യുവതി പറഞ്ഞു.

രാവിലെ വീണ്ടും മുറി ഒഴിയുന്ന കാര്യം ക്വാറന്റീന്‍ സെന്ററില്‍നിന്നറിയിച്ചപ്പോള്‍ വീണ്ടും ഭര്‍ത്താവിനെ വിളിച്ചു. അയാള്‍ പത്തുമണിയോടെ സ്ഥലത്തെത്തി. വീട്ടിലേക്കു കൊണ്ടുപോകാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല,യുവതിയുടെ വീട്ടിലേക്കു പോകാമെന്നായി. ക്വാറന്റീന്‍ സെന്ററില്‍ നിന്ന് ഏര്‍പ്പാടാക്കിയ ഓട്ടോയില്‍ പാലായില്‍ നിന്ന് നേരെ കുറുപ്പുന്തറയ്ക്ക് യാത്രയായി. ഓട്ടോക്കൂലി 900 രൂപ. അവിടെ ചെന്നപ്പോള്‍ വീടു പൂട്ടിയിട്ട നിലയിലാണ്,അമ്മയെ കാണാനില്ല. ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല. ബാംഗ്ളൂരിലുള്ള സഹോദരനെ വിളിച്ച് അയാളോട് നിസ്സഹായത പറഞ്ഞു. തന്റെ പേരിലുള്ള വീടാണ്,ആ നാട്ടില്‍പ്പോലും കയറിപ്പോകരുതെന്ന മറുപടിയാണ് കിട്ടിയതെന്ന് യുവതി പറഞ്ഞു. വീട്ടില്‍ കുറെനേരംകൂടി കാത്തുനിന്നെങ്കിലും രക്ഷയില്ലെന്നു മനസ്സിലായി. എന്തുചെയ്യണമെന്നറിയാതെ കരഞ്ഞുപോയ നിമിഷങ്ങള്‍. പ്രസവിച്ച അമ്മയും സ്വന്തം സഹോദരനും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും കൈവിട്ട അവസ്ഥ. അങ്ങനെയാണ് കോട്ടയത്തെ സ്ത്രീ സംരക്ഷണ കേന്ദ്രമായ സാന്ത്വനത്തിലേക്ക് വിളിച്ചത്. നേരെ കളക്ടറേറ്റിലേക്ക് ചെല്ലാന്‍ സാന്ത്വനം ഡയറക്ടര്‍ ആനി ബാബു നിര്‍ദ്ദേശിച്ച പ്രകാരം മറ്റൊരു ഓട്ടോപിടിച്ച് യാത്രയായി. ഏറ്റുമാനൂരെത്തിയപ്പോള്‍ ഭര്‍ത്താവ് അവിടെ ഇറങ്ങി. കളക്ടറേറ്റിലെത്തി 800 രൂപ ഓട്ടോകൂലി നല്‍കിയതോടെ കൈയ്യിലെ പൈസ തീര്‍ന്നു.

സ്ത്രീ സംരക്ഷണ പ്രവര്‍ത്തര്‍ അവിടെ കാത്തുനിന്നിരുന്നു.അവര്‍ വിവരം കളക്ടറെ നേരിട്ടറിയിച്ചു. കളക്ടര്‍ സാമൂഹിക ക്ഷേമ ഓഫീസറോട് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പോലിസിനെ വിവരം അറിയിച്ചേക്കാമെന്ന മറുപടി നല്‍കി അവരും കൈയ്യൊഴിഞ്ഞു.

സമയം വൈകുന്നേരം അഞ്ചുമണി. നല്ല മഴയും.കുഞ്ഞുങ്ങള്‍ രണ്ടുപേരും വിശന്നു തളര്‍ന്നുകഴിഞ്ഞിരുന്നു. സ്ത്രീ സംരക്ഷണ പ്രവര്‍ത്തര്‍ പല ക്വാറന്റീന്‍ സെന്ററുകളിലേക്കും അധികൃതരെയും മാറിമാറി വിളിച്ചെങ്കിലും യുവതിക്കും മക്കള്‍ക്കും തല ചായ്ക്കാനൊരിടം കിട്ടിയില്ല. എല്ലാവരും കൈയ്യോഴിഞ്ഞ അവസ്ഥ. പണം നല്‍കിയാല്‍ താമസിക്കാവുന്ന ക്വാറന്റീന്‍ സെന്ററുകള്‍മാത്രം മിച്ചമുണ്ട്. കീശ കാലിയായ യുവതിക്ക് അതു കേട്ടതും തലകറങ്ങി. രണ്ടാഴ്ചയെങ്കിലും താമസിക്കേണ്ടി വരും. ഏറ്റവുമൊടുവില്‍ വിളിച്ച കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ സൗജന്യമായി ഇടം നല്‍കാമെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബിജു അറിയിച്ചു. തുടര്‍ന്ന് തഹസീല്‍ദാര്‍ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം വൈകുന്നേരം ആറു മണിയോടെ കുട്ടികളെ ചേര്‍ത്തുപിടിച്ച് അവള്‍ യാത്രയായി. വലിയൊരു പരീക്ഷണഘട്ടം പിന്നിട്ടതിന്റെ ആശ്വാസത്തോടെ. ഒട്ടോയില്‍ കയറുംമുമ്പ് നിറഞ്ഞ കണ്ണുകളോടെ അവള്‍ ചോദിച്ചു,

''ഞങ്ങളെപ്പോലുള്ളവര്‍ ചെയ്ത തെറ്റെന്താണ്. ആര്‍ക്കും കരുണ തോന്നാതെ ഇങ്ങനെ കൈയ്യൊഴിയാന്‍ മാത്രം എന്തു കുറ്റമാണ് ചെയ്തത്. ഇതും കൂടി കിട്ടിയില്ലായിരുന്നെങ്കില്‍ ഈ രാത്രി കുഞ്ഞുമക്കളെക്കൂട്ടി ഞാനെവിടെപോകുമായിരുന്നു. എന്താണ് ആരും അതൊന്നും ഓര്‍ക്കാത്തത്?'

നമ്മളിലൊരുവളായ ഈ യുവതിയുടെ ചോദ്യം മഹാമാരിയുടെ കാലത്തും സഹജീവിയോട് ഇത്തിരി കരുണ കാണിക്കാന്‍ മടിക്കുന്ന സമൂഹത്തോടാണ്, കൈകഴുകുന്ന സാമൂഹ്യക്ഷേമവകുപ്പിനോടാണ്. മറുപടി പറയേണ്ടത് നമ്മുടെ സമൂഹം തന്നെയാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented