ലോക്ഡൗൺ ഇളവ്: മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ നടത്തിയ പ്രസ്താവനയുടെ പൂര്‍ണരൂപം


മന്ത്രി വീണാ ജോർജ്ജ് | Screengrab: മാതൃഭൂമി ന്യൂസ്‌

കോവിഡ് 19 മഹാമാരി ലോകത്താകമാനം ആരോഗ്യ- സമൂഹിക - സാമ്പത്തിക മേഖലകളില്‍ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. കേരളത്തില്‍ അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗവ്യാപന തീവ്രത കുറച്ചു നിര്‍ത്തുന്നതിനാണ് തുടക്കം മുതല്‍ നാം ശ്രമിച്ചു പോരുന്നത്. ജനസാന്ദ്രതയില്‍, ദേശീയ ശരാശരിയുടെ ഇരട്ടിയുള്ള, ജീവിത ശൈലി രോഗങ്ങളുള്ള കേരളത്തില്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും, ടെസ്റ്റുകള്‍ നടത്തിയും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി നിരീക്ഷിച്ചുമുള്ള ഇടപെടലുകളിലൂടെ രോഗനിയന്ത്രണത്തിന് നമ്മള്‍ നടത്തിയ ശ്രമങ്ങള്‍ വിജയകരമാണ് എന്നാണ് ഐ.സി.എം.ആറിന്റെ സീറോ പ്രിവലന്‍സ് സ്റ്റഡി വ്യക്തമാക്കുന്നത്. കേരളത്തില്‍ ജനസംഖ്യയുടെ പകുതിയില്‍ അധികം പേരും രോഗം വരാത്തവരും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുടെ കൊറോണ വൈറസില്‍ നിന്ന് സംരക്ഷിതരുമാണ്. കേരളത്തിലെ ജനങ്ങള്‍ പൂര്‍ണതോതില്‍ നല്‍കുന്ന സഹകരണവും പിന്തുണയുമാണ് മികച്ച രീതിയില്‍ കോവിഡിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത്.

വാക്സിനേഷനുള്ള നടപടികള്‍

മുഴുവന്‍ ജനങ്ങള്‍ക്കും കുറഞ്ഞ സമയത്തിനുള്ളില്‍ വാക്സിന്‍ നല്‍കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്സിന്റെ ലഭ്യതയെ ആശ്രയിച്ചാണ് ഇതുള്ളത്. വാക്സിന്‍ ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ ഈ രോഗത്തെ പ്രതിരോധിക്കാനാകൂവെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കഴിയാവുന്നത്ര ജനങ്ങള്‍ക്കിടയില്‍ വാക്സിനേഷന്‍ നടത്തുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,47,90,596 പേര്‍ക്ക് ഒന്നാം ഡോസും 62,01,105 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിട്ടുണ്ട്. അതായത് 2,09,91,701 ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. അതായത് 42.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലുമാണ്. മാത്രമല്ല, രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം കണക്കിലെടുത്താല്‍ ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണെന്ന് കാണാം.പ്രതിദിനം 5 ലക്ഷം ആളുകള്‍ക്ക് വരെ വാക്സിനേഷന്‍ നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വാക്സിന്‍ ഡോസുകള്‍ ആവശ്യമായ തോതില്‍ ലഭ്യമായാല്‍ ഒരു മാസത്തില്‍ ഒരു കോടി ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ കഴിയുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബഹു. മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഓഗസ്റ്റ് 2ന് അയച്ച കത്തില്‍ 60 ലക്ഷം വാക്സിന്‍ ഡോസുകള്‍ ഈ മാസം ലഭ്യമാക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നിയന്ത്രണത്തിനുള്ള നടപടികള്‍

വാക്സിനേഷന്‍ പൂര്‍ത്തിയാകുന്നതുവരെ ജനങ്ങളില്‍ രോഗം വ്യാപിക്കാതിരിക്കാനും അതോടൊപ്പം ജനങ്ങളുടെ ജീവസന്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉതകുന്നവിധത്തിലുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.കോവിഡിന്റെ ഒരോ ഘട്ടങ്ങളെയും അതിന്റേതായ ഗൗരവത്തില്‍ പരിശോധിച്ച് നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ പിന്തുണയോടെ ശ്രമിച്ചിട്ടുള്ളത്. കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തിന്റെ ഓരോ ഘട്ടത്തിലും വാര്‍ഡ് അടിസ്ഥാനത്തിലും മൈക്രോ കണ്ടൈ്ന്‍മെന്റ് സോണുകള്‍ രൂപപ്പെടുത്തിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ഇതിനെ അടിസ്ഥാനപ്പെടുത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതിനനുസരിച്ച് ലഘൂകരണം നടത്തുകയും ഇളവുകള്‍ നല്‍കുകയും ചെയ്യുന്ന പ്രായോഗിക സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.

താരതമ്യം

വിവിധ ജനവിഭാഗങ്ങളെ വിശ്വാസത്തില്‍ എടുത്തുകൊണ്ടും നിയന്ത്രണങ്ങളുടെ പ്രത്യാഘാതങ്ങള്‍ പരിഗണിച്ചുകൊണ്ട് സമാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ച് നടപ്പാക്കിയുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം കേരളത്തില്‍ അല്‍പ്പം താമസിച്ചാണ് ആരംഭിച്ചത്. കേരളത്തില്‍ ഇനിയും 56 ശതമാനത്തോടടുപ്പിച്ച് ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടില്ലാത്തതിനാല്‍ നമ്മുടെ ദൈനംദിന രോഗികളുടെ എണ്ണം മറ്റു സംസ്ഥാനത്തേക്കാള്‍ ഉയര്‍ന്നുനില്‍ക്കാനുള്ള സാധ്യത ഏറെയാണ്. എന്നാലും മരണനിരക്ക് കുറഞ്ഞ നിലയില്‍ നിലനിര്‍ത്തുന്ന കാര്യത്തിലും ഓക്സിജന്‍ വെന്റിലേറ്റര്‍ എന്നിവ രോഗികള്‍ക്ക് ലഭ്യമാക്കുന്ന കാര്യത്തിലും കേരളം ഇന്നും മെച്ചപ്പെട്ട നിലയില്‍ തന്നെയാണ്.

മരണനിരക്ക് നമ്മുടെ സംസ്ഥാനത്തില്‍ 0.50 ശതമാനമാണെന്നിരിക്കേ അഖിലേന്ത്യാ ശരാശരി 1.34 ശതമാനമാണ്. രോഗനിര്‍ണ്ണയത്തിനും രോഗവ്യാപനത്തോത് അളക്കുന്നതിനും ഏറ്റവും ഫലപ്രദമായ രീതി വ്യാപകമായ ടെസ്റ്റിംഗാണ്. കേരളത്തിലെ ടെസ്റ്റ് പെര്‍ മില്ല്യണ്‍ (ദശലക്ഷത്തില്‍ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം) 7,93,391 ആണ്. അഖിലേന്ത്യാ ശരാശരി 3,41,517 ആണ്. രോഗചികിത്സ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍ നിശ്ചിത നിരക്കിലുമാണ് നല്‍കിവരുന്നത്. ഇത്തരം മെച്ചപ്പെട്ട സൂചികകള്‍ ഉള്ളപ്പോഴും നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.45 ശതമാനമാണ്. അഖിലേന്ത്യാതലത്തില്‍ ഇത് 6.73 ശതമാനമാണ്. നമ്മുടെ സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കുകയും അതിന്റെ അടിസ്ഥാനത്തിലുമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത്.

ജില്ലാ തലങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ പരിശോധിച്ചാണ് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ ആണെന്ന് ഉറപ്പുവരുത്തുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ ഒരു വിദഗ്ധ സമിതിയും നിലവിലുണ്ട്. ഇത്തരം വിദഗ്ധാഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ഇളവുകള്‍ നല്‍കുന്നതും.

പുതിയ സമീപനം

സര്‍ക്കാരിനു മുന്നില്‍ ഉയര്‍ന്നുവന്ന ഒരു പൊതുവായ നിര്‍ദ്ദേശം ടി.പി.ആറിനൊപ്പം മറ്റൊരു ശാസ്ത്രീയമായ മാനദണ്ഡം കൂടി അവലംബിക്കണമെന്നതാണ്. അതിന്റെ ഭാഗമായി ജനസംഖ്യയില്‍ 1000 പേരില്‍ എത്രയാള്‍ക്ക് പുതിയതായി രോഗം നിര്‍ണ്ണയിക്കപ്പെടുന്നുവെന്ന് പരിഗണിക്കപ്പെടണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.രോഗ വ്യാപനം തടയുന്നതിന് ആള്‍ക്കൂട്ടം നിയന്ത്രിക്കുകയെന്നത് എറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായം ഉണ്ടായിട്ടുമില്ല. അതിനാല്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ കൂട്ടായ്മകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ കൂടുന്ന സംവിധാനങ്ങള്‍ ഒഴിവാക്കുന്ന രീതി പൊതുവില്‍ തുടരേണ്ടതായിട്ടുണ്ട്. ആരാധനാലയങ്ങളില്‍ അവയുടെ വിസ്തീര്‍ണ്ണം കണക്കാക്കിയാവണം ആളുകള്‍ പങ്കെടുക്കേണ്ടത്. വലിയ വിസ്തീര്‍ണ്ണമുള്ളവയില്‍ പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം. കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാവുന്നതുമാണ്.

ഇന്നത്തെ പൊതു സാഹചര്യവും വാക്സിനേഷന്റെ പുരോഗതിയും കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഒരു പ്രദേശത്തെ ജനസംഖ്യയുടെ 1000 പേരില്‍ പത്തില്‍ കൂടുതല്‍ രോഗികള്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും, മറ്റുള്ളയിടങ്ങളില്‍ ആഴ്ചയില്‍ 6 ദിവസം പ്രവര്‍ത്തിക്കാന്‍ അനുമതിയും നല്‍കാനാവും. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഞായറാഴ്ചയും പ്രവര്‍ത്തിക്കുന്നതാണ്. ഓണത്തിന്റെ തിരക്ക് കൂടി കണക്കിലെടുത്ത് 22-ാം തീയ്യതി ഞായറാഴ്ചയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഉത്സവകാലമായതുകൊണ്ട് തന്നെ സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികള്‍ ആള്‍ക്കൂട്ടം വരാനിടയുള്ള വ്യാപാരസ്ഥാപനങ്ങള്‍ എടുക്കേണ്ടതാണ്. ഇതിന് പ്രത്യേകമായ സംവിധാനം അത്തരം വ്യാപാര സ്ഥാപനങ്ങള്‍ എടുക്കേണ്ടതാണ്. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് ഹോം ഡെലിവറി സൗകര്യം കഴിയാവുന്നത്ര ഇടങ്ങളില്‍ വിപുലീകരിക്കണം. പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുകയും ആവശ്യമായ പരിശോധന നടത്തുകയും ചെയ്യുന്നതാണ്. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 9 മണി വരെ അനുവദിക്കാവുന്നതാണ്. സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആയിരിക്കണം പ്രവേശനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും വ്യാപാരികളുമായി ചേര്‍ന്ന് യോഗങ്ങള്‍ നടത്തും.

കടകള്‍ സന്ദര്‍ശിക്കുന്നവര്‍ ആദ്യഡോസ് വാക്സിനേഷനേഷന്‍ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യം. ഇതോടൊപ്പം അത്യാവശ്യ സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നതിനുള്ള അനുമതിയും നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. സാമൂഹ്യപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ ലഭ്യത അനുസരിച്ച് ഒരു നിശ്ചിത തീയതിക്കുള്ളില്‍ വാക്സിനേഷന്‍ നല്‍കും. കിടപ്പ് രോഗികള്‍ക്ക് എല്ലാവര്‍ക്കും സമയബന്ധിതമായി വീടുകളില്‍ ചെന്ന് വാക്സിനേഷന്‍ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. ആരോഗ്യവകുപ്പിന്റെ കൃത്യമായ മേല്‍നോട്ടത്തില്‍ ഇത് നടപ്പാക്കുകയും ചെയ്യും. സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷന്‍ നടത്തുന്നതിന് സ്ഥലസൗകര്യങ്ങള്‍ ഉള്‍പ്പെടെ നല്‍കി പ്രോത്സാഹിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കും.

കോവിഡ് രണ്ടാം തരംഗം ഉയര്‍ത്തുന്ന വെല്ലുവിളിയും പൊതുസമൂഹത്തിന്റെ സഹകരണത്തോടെ തന്നെ നേരിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മൂന്നാം തരംഗത്തിന്റെ ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതിനു മുമ്പ് തന്നെ വാക്സിനേഷന്‍ കഴിയുന്നത്ര പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടിയാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. അതിന്റെ ഭാഗമായി പരമാവധി ആളുകള്‍ക്ക് വാക്സിനേഷന്‍ ലഭ്യമാക്കി സാമൂഹ്യ പ്രതിരോധ ശേഷി കെട്ടിപ്പടുക്കുന്നതിലൂടെ കോവിഡ് മഹാമാരിയുടെ വ്യാപനം നമുക്ക് ഫലപ്രദമായി തടയാന്‍ കഴിയും.

Content Highlights: Health minister Veena George statement in assembly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented