കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 251 പേരാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവരില്‍ 38 പേര്‍  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. 11 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. ഇതില്‍ 8 പേരുടെ സാമ്പിളുകള്‍ എന്‍.ഐ.വി. പൂനെയിലേക്ക് അയച്ചിട്ടുണ്ട്. 251 പേരില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ 54 പേരാണ്. ഇതില്‍ 30 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

രോഗലക്ഷണങ്ങളുള്ളവര്‍ എല്ലാം സ്റ്റേബിളാണ്. ഇന്ന് രാത്രി മുതല്‍ മെഡിക്കല്‍ കോളേജില്‍ സാമ്പിള്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. എന്‍.ഐ.വി. പൂണൈയില്‍ നിന്നുള്ള സംഘം എത്തുകയും സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുകയും ചെയ്തു. പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റും പിന്നീടുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാന്‍ കഴിയും എന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. 

8 പേരുടെ സാമ്പിളുകളാണ് എന്‍.ഐ.വി. പൂണൈയിലേക്ക് അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം ഇന്ന് രാത്രി വൈകി വരും. മൂന്ന് പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധിക്കും. ഇവിടെ പരിശോധിക്കുന്ന സാമ്പിളുകള്‍ എന്‍.ഐ.വി. പൂനെയിലേക്ക് അയക്കും.  കോഴിക്കോട് താലൂക്കില്‍ രണ്ട് ദിവസം കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന പരിശോധന നടത്താവുന്നതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Content highlights: Health minister veena george on Nipah virus outbreak in Kerala