തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ നേട്ടമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വാക്‌സിനേഷന്‍ ആദ്യ ഡോസ് 90 ശതമാനം കടന്നുവെന്നും അഞ്ച് സംസ്ഥാനങ്ങളില്‍ ഇത് നൂറ് ശതമാനത്തിനടുത്താണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതുവരെ 2,39,67,633 (2.39 കോടി) പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. വാക്‌സിനെടുക്കാന്‍ വിമുഖത പാടില്ലെന്നും മരണസംഖ്യ കൂടുതലും വാക്‌സിനെടുക്കാത്തവരിലാണെന്നും മന്ത്രി വ്യക്തമാക്കി. 

കോവിഡ് ജാഗ്രതയില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള പ്രതിരോധം പാലിച്ചാല്‍ മാത്രമേ ഇപ്പോഴുള്ള ഇളവുകള്‍ തുടരാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിദിന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ടി.പി ആര്‍ ഉള്‍പ്പെടുത്തതിന്റെ കാരണവും മന്ത്രി വ്യക്തമാക്കി. 80 ശതമാനത്തിലധികം വാക്‌സിനേഷന്‍ പിന്നിട്ടാല്‍ WIPR കണക്കാക്കിയാല്‍ മതിയെന്നതിനാലാണ് ഈ മാറ്റമെന്നും മന്ത്രി വ്യക്തമാക്കി.

അതോടൊപ്പം തന്നെ ഡെങ്കി പനി സംബന്ധിച്ച് ചില തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡെങ്കി പനിക്ക് നാല് വകഭേദങ്ങളാണ് ഉള്ളത്. ഇതില്‍ രണ്ടാം വകഭേദം പുതിയതായി ഉണ്ടായ ഒന്നാണെന്ന തരത്തില്‍ ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അത് തെറ്റാണെന്നും 2017ല്‍ രാജ്യത്ത് കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡെങ്കിയുടെ നാല് വകഭേദങ്ങളില്‍ ഏറ്റവും അപകടകരമായത് രണ്ടാമത്തേതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കണമെന്ന നിര്‍ദേശം വിദ്യാഭ്യാസ വിദഗ്ധര്‍ ഉള്‍പ്പെടെ മുന്നോട്ടുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. എന്നാല്‍ ആരോഗ്യ വകുപ്പിനെ സംബന്ധിച്ച് സ്‌കൂളുകള്‍ തുറന്ന് കുട്ടികളെത്തുമ്പോഴേക്കുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏത് തരത്തിലായിരിക്കണമെന്നത് സംബന്ധിച്ചാണ് വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചന നടത്തുന്നത്. കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുള്‍പ്പെടെയാണ് 90 ശതമാനം ആദ്യ ഡോസ് പിന്നിട്ടത്. ഇനിയും വാക്‌സിന്‍ ലഭിക്കാത്തവരുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ക്യാമ്പ് സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Health Minister Veena George on Covid Vaccination