തിരുവനന്തപുരം: രണ്ടാം ദിനത്തിലും കേരളത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ വാക്‌സിനേഷന് മികച്ച പ്രതികരണം.  മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രൻ  എന്നിവര്‍ വാക്‌സിന്‍ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നോ നാളെയോ വാക്‌സിന്‍ സ്വീകരിച്ചേക്കും. 

ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വാക്‌സിന്‍ കേന്ദ്രത്തിലെത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. ആരോഗ്യമന്ത്രിക്കൊപ്പം ഭര്‍ത്താവ് കെ. ഭാസ്‌കരനും വാക്‌സിന്‍ സ്വീകരിക്കാനെത്തി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നാണ് വാക്‌സിന്‍ സ്വീകരിച്ചത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാക്‌സിന്‍ സ്വീകരിച്ചേക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ മെഡിക്കല്‍ കോളേജിന് അറിയിപ്പ് നല്‍കുകയും അതനുസരിച്ച് ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പോലീസ് വിന്യാസമടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളും നടത്തിയിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി നാളെയായിരിക്കും വാക്‌സിന്‍ സ്വീകരിക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlights: Health Minister K. K. Shailaja received the covd vaccine