ആരോഗ്യമന്ത്രി കെ.കെ.ശൈലജ | ഫോട്ടോ കെ.കെ.സന്തോഷ് മാതൃഭൂമി
തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി.
ആലുവ ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്ക് 100 ഐ.സി.യു. കിടക്കകള്‍ അടുത്തയാഴ്ച പൂര്‍ണസജ്ജമാക്കും. ഫോര്‍ട്ട് കൊച്ചി താലൂക്കാശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റും. കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളേജിനെ പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റും. ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരാഴ്ച കൊണ്ട് കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കും. സര്‍ക്കാര്‍ മേഖലയില്‍ 1000 ഓക്സിജന്‍ കിടക്കകള്‍ തയ്യാറാക്കും. ഇതോടൊപ്പം ഓക്സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തും. ആശുപത്രികളില്‍ ആവശ്യമായ സ്റ്റാഫിനെ നിയമിക്കാനും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കാന്‍ കളക്ടര്‍ വഴി നിര്‍ദേശം നല്‍കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 5 ദിവസം കൊണ്ട് ഡൊമിസെയില്‍ കെയര്‍ സെന്ററുകളും (ഡിസിസി) സിഎഫ്എല്‍ടിസികളും സജ്ജമാക്കും. ഇതിനായി ആരോഗ്യ വകുപ്പ് മന്ത്രിയുടേയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തില്‍ തിങ്കളാഴ്ച ജില്ലാതല യോഗം ചേരും.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ഖര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ദിലീപ്, ഡി.എം.ഒ. ഡോ. കുട്ടപ്പന്‍, ഡി.പി.എം. ഡോ. മാത്യൂസ് നമ്പേലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
content highlights: health minister direction to ernakulam district health officials
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..