സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ആശുപത്രിക്കു മുന്നിൽ നടത്തിയ മാർച്ച് പോലീസ് തടയുന്നു
പറവൂർ: താലൂക്ക് ഗവ. ആശുപത്രിയിലെ കാന്റീനിനുള്ളിൽ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തിയത് വിവാദമായി. ആരോഗ്യ വിഭാഗം പരിശോധന നടത്തുകയും കാന്റീൻ പൂട്ടുകയും ചെയ്തു.
താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച എംബാം ചെയ്ത മൃതദേഹം കൊണ്ടുവന്ന പെട്ടിയാണ് ഒരാഴ്ചയായി കാന്റീനിനുള്ളിൽ വെച്ചിരുന്നത്.
ഇതു സംബന്ധിച്ച് നേരത്തേ നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ മുനിസിപ്പൽ ഹെൽത്ത് വിഭാഗത്തിൽ പരാതിപ്പെട്ടെങ്കിലും പരിശോധനയുണ്ടായില്ല. കഴിഞ്ഞ ദിവസം കൂടിയ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലും കൗൺസിൽ യോഗത്തിലും ഈ വിഷയം ഉയർന്നിരുന്നു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കാന്റീനിൽ പരിശോധനയ്ക്കെത്തിയതിനു പിന്നാലെ പെട്ടി ഇവിടെ നിന്നു മാറ്റി.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി കൂടിയ ദിവസം ഈ വിഷയം ഉന്നയിക്കപ്പെട്ടപ്പോൾ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഇവിടം സന്ദർശിക്കുകയും പെട്ടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മൃതദേഹം എംബാം ചെയ്തു കൊണ്ടുവരുന്ന പെട്ടി എങ്ങനെ ആശുപത്രി കാന്റീനിൽ എത്തി എന്നത് നഗരസഭ അന്വേഷിക്കാതിരുന്നത് ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
മൃതദേഹം വിദേശത്തുനിന്നു കൊണ്ടുവന്ന പെട്ടി ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചിലർ എടുത്ത് കാന്റീനിൽ വെച്ചതാണെന്നും പിന്നീടിത് മറിച്ചു വിൽക്കാനായിരുന്നു നീക്കമെന്നുമാണ് സൂചന. ആശുപത്രി പരിസരത്തെ ചില ആംബുലൻസ് ഡ്രൈവർമാരടക്കമുള്ളവരുടെ പേരുകൾ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുണ്ട്.
അനാരോഗ്യ ചുറ്റുപാടിലാണ് കാന്റീൻ പ്രവർത്തിച്ചിരുന്നതെന്നു കാട്ടി മുനിസിപ്പൽ അധികൃതർ നോട്ടീസ് നൽകിയിരുന്നു. കാന്റീൻ താത്കാലികമായി പൂട്ടിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കാന്റീനിൽ ശവപ്പെട്ടി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ടി.വി. നിഥിൻ പോലീസിൽ പരാതി നൽകി.
ശവപ്പെട്ടി കാന്റീനിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച മണ്ഡലം കമ്മിറ്റി ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
Content Highlights: health department closed paravur government hospital canteen
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..