പൂച്ചാക്കലില്‍ കഴിഞ്ഞ ദിവസം നാലു വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിച്ച കാറപകടം മനുഷ്യ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. ആ കാര്‍ ഓടിച്ച ഡ്രൈവര്‍ അയാളുടെ ജീവിത കാലത്ത് വാഹനമോടിക്കാന്‍ അര്‍ഹനല്ല. ആയുഷ്‌കാലത്തേക്ക് അയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടത്. അയാള്‍ അലക്ഷ്യമായി വണ്ടി ഓടിച്ചത് മദ്യപിച്ചിട്ടായിരുന്നുവെങ്കില്‍ കുറ്റകൃത്യത്തിന്റെ വ്യാപ്തി കൂടും.

ഒന്നുമറിയാത്ത കുട്ടികള്‍ക്ക് മാരകമായ പരിക്ക് ഉണ്ടായത് അവരുടെ ചെറിയ പ്രായത്തിലാണ്. ഇതിന്റെ പ്രയാസങ്ങള്‍ ഇനി അവരുടെ ഭാവി ജീവിതത്തിലുണ്ടാക്കുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും കാരണക്കാരന്‍ ആ ഡ്രൈവര്‍ മാത്രമാണ്. ഇതു കൂടി പരിഗണിച്ചാണ് അയാള്‌ക്കെതിരെ കുറ്റപത്രം ഉണ്ടാകേണ്ടത്. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം പോലീസിനു ഇങ്ങനെയൊരാളുടെ മേല്‍ ചുമത്താവുന്ന കുറ്റപത്രമനുസരിച്ച് നിസ്സാര ശിക്ഷ മാത്രമേ ലഭിക്കൂവെന്നതാണ് വാസ്തവം. അത് അയാള്‍ കാട്ടിയ ക്രൂരതക്കുള്ള മതിയായ ശിക്ഷയാവില്ല.

ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷ കുറെ കടുപ്പിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ അയാളുടെ സ്വത്ത് കണ്ടു കെട്ടി, പരിക്കേറ്റവര്‍ക്കെല്ലാം മികച്ച ചികിത്സ ലഭ്യമാക്കുകയാണ് കുറഞ്ഞ പക്ഷം അയാള്‍ക്ക് നല്‍കേണ്ട പിഴ . ആരാണ് അപകടസമയത്ത് വണ്ടി ഓടിച്ചതെന്ന് സ്റ്റിയറിംഗ് വീലില്‍ വിരലടയാള പരിശോധന നടത്തിയാല്‍ ബോധ്യമാകും. യഥാര്‍ഥ കുറ്റവാളി രക്ഷപ്പെടുന്നില്ലെന്നുറപ്പാക്കാന്‍ ഇതാവശ്യവുമാണ്. മദ്യപിച്ചിരുന്നുവെങ്കില്‍ അയാള്‍ ഒരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല.

കടുത്ത ശിക്ഷയും പിഴയുമില്ലാത്തതാണ് ഇവിടെ അലക്ഷ്യ ഡ്രൈവിംഗിലൂടെ നിരപരാധികളുടെ ജീവന്‍ പന്താടാന്‍ ഇടയാക്കുന്നത്. അടുത്ത സമയത്ത് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. അതനുസരിച്ച് ശിക്ഷ കുറെക്കൂടി കടുത്തതാക്കിയിട്ടുണ്ട്. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ചികിത്സയ്ക്കും അവരുടെ കുടുംബത്തിന്റെ താളം തെറ്റാതിരിക്കുന്നതിനും അടിയന്തിര സഹായം അനിവാര്യമാണ്. അതിനായി ഞാന്‍ ഒരു ബില്ല് 2011 ല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആയിരുന്നപ്പോള്‍ സമര്‍പ്പിച്ചിരുന്നു. അത് പിന്നീട് വന്ന കമ്മിഷണര്‍മാരാരും പരിഗണിച്ചിട്ടില്ല.

റോഡ് ആക്‌സിഡന്റ് വിക്ടിംസ് എമര്‍ജന്‍സി റിലീഫ് ഫണ്ട് എന്ന പേരില്‍ ഒരു നിധി രൂപവല്‍ക്കരിക്കണമെന്നായിരുന്നു ബില്ലിലെ നിര്‍ദ്ദേശം. റോഡ് സേഫ്റ്റി അതോറിട്ടിക്ക് ലഭിക്കുന്ന പണവും പിഴയീടാക്കി കിട്ടുന്നതിന്റെ 50 ശതമാനവും ഉപയോഗിച്ച് ഫണ്ട് ഉണ്ടാക്കാം. ഇതിന്റെ പലിശയായി കിട്ടുന്ന പണം അപകടത്തില്‍പ്പെടുന്നവര്‍ക്ക് ചികിത്സക്കും അവരുടെ കുടുംബത്തിന്റെ  ജീവിതം താളപ്പിഴയില്ലാതെ മുന്നോട്ട് കൊണ്ട് പോകുന്നതിന് കൈത്താങ്ങായും നല്‍കണമെന്നായിരുന്നു ശുപാര്‍ശ. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വാഹനാപകട ട്രൈബ്യൂണലിന്റെ നഷ്ടപരിഹാരം കിട്ടാന്‍ ആറേഴു വര്‍ഷമെടുക്കുമെന്നതിനാല്‍ ഇങ്ങനെ അടിയന്തിര സഹായം നല്ല ചികിത്സ കിട്ടാന്‍ സാധാരണക്കാര്‍ക്ക് അത്യാവശ്യമാണെന്ന തിരിച്ചറിവിലായിരുന്നു  നടപടി. 

എം.എ.സി.ടി. കോടതിയുടെ നഷ്ടപരിഹാരം കിട്ടുമ്പോള്‍ ഇങ്ങനെ നല്‍കുന്ന തുക ഫണ്ടിലേക്ക് തിരിച്ച് പിടിക്കുകയും ചെയ്യാം. ഫണ്ടിന്റെ തുടര്‍ച്ചയ്ക്ക് തടസ്സമുണ്ടാവുകയുമില്ല. അങ്ങനെയൊരു ഫണ്ട് ഉണ്ടായിരുന്നുവെങ്കില്‍ പൂച്ചാക്കല്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അത് വലിയ ഉപകാരമായിരുന്നു ഇപ്പോള്‍. എന്തായാലും ആ കുട്ടികള്‍ക്ക് നല്ല ആശുപത്രിയില്‍ മികച്ച ചികിത്സ കിട്ടാന്‍ ഇതിനു കാരണക്കാരനായ ഡ്രൈവറുടെ പക്കല്‍ നിന്ന് തുക ഈടാക്കാനുള്ള ക്രമീകരണം സാമാന്യ നീതി മാത്രമാണ്.

 ( മുന്‍ ഡി.ജി.പി.യും മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമാണ് ലേഖകന്‍)

 

Content Highlights: The extent of the crime will increase if it was drunken drive