കോഴിക്കോട്:  ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിക്കപ്പെട്ടതോടെ  നിയന്ത്രണങ്ങളില്‍ ഏപ്രില്‍ 14-ന് ശേഷവും ഇളവുണ്ടാകുമെന്ന പ്രതീക്ഷയില്ല കോഴിക്കോട്ടുകാര്‍ക്ക്. ഇതോടെ വിരസമാകുന്ന വീട്ടിലെ ദിനങ്ങളെ സര്‍ഗാത്മകമാക്കാന്‍ മത്സരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം.

ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്  പേജില്‍ പ്രസിദ്ധീകരിക്കുന്ന വ്യത്യസ്തമായ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് മത്സരം. ഓരോ ദിവസവും നല്‍കുന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മത്സരത്തില്‍ പങ്കെടുത്ത് നിര്‍ദേശിച്ചിട്ടുള്ള സമയത്തിനകം സൃഷ്ടികള്‍ കമന്റായി പോസ്റ്റ് ചെയ്താല്‍ മതി. ഈ ജനലിനപ്പുറം എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരമാണ് ഇന്നത്തെ വിഷയം. രാത്രി 11 മണിവരെ ഫോട്ടോ പോസ്റ്റ് ചെയ്യാം. ഒരാള്‍ക്ക് മൂന്ന് ഫോട്ടോ വരെയെങ്കിലും പോസ്റ്റ് ചെയ്യുകയുമാവാം. വിജയികള്‍ക്ക് സമ്മാനം  വീട്ടിലെത്തും.

നിബന്ധനകള്‍ 

  • സ്വന്തമായി മൊബൈലില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ മാത്രമേ അനുവദിക്കൂ. എഡിറ്റ് ചെയ്ത ഫോട്ടോകള്‍ അനുവദിക്കില്ല. ഷെയര്‍ ചെയ്യാതെ സോഴ്‌സുകളില്‍ നിന്ന് നേരിട്ട് പോസ്റ്റ് ചെയ്യുക.
  • ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ഫോട്ടോസ്, ഡിജിറ്റല്‍ ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ എന്നിവ ഒരു കാരണവശാലും അനുവദനീയമല്ല.
  • സ്വന്തമായോ കുടുംബാംഗങ്ങള്‍ എടുത്തതോ ആയ ഫോട്ടോകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.
  • സ്പാം, അശ്ലീലച്ചുവയുള്ള പോസ്റ്റുകള്‍, സെല്‍ഫി എന്നിവ ഒഴിവാക്കുക.
  • ഭരണഘടനാ വിരുദ്ധമായതോ, ദേശീയ പതാക, ദേശീയ ചിഹ്നങ്ങള്‍, മത-സാമുദായിക പ്രതീകങ്ങള്‍ എന്നിവയെ അവഹേളിക്കുന്ന തരത്തിലുള്ളതോ ആയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ പാടുള്ളതല്ല.
  • മൃഗ, ശിശു പീഡനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങള്‍, മറ്റൊരാളിന്റെ സ്വകാര്യതയെ ഹനിക്കുന്ന ചിത്രങ്ങള്‍ എന്നിവയും അനുവദനീയമല്ല.
  • സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള കമന്റുകള്‍, വ്യക്തിഹത്യ നടത്താന്‍ ഉദ്ദേശിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നിവ ഒഴിവാക്കുക.
  • പോസ്റ്റ് ചെയ്യുന്ന ഫോട്ടോ എടുത്ത മൊബൈല്‍ ബ്രാന്‍ഡ്, ഫോട്ടോ എടുത്ത സമയം, പേര്, വയസ്സ് എന്നിവ ഫോട്ടോയോടൊപ്പം കൃത്യമായി രേഖപ്പെടുത്തണം.
  • ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന 2 ഫോട്ടോകള്‍ക്കും, വിദഗ്ദ്ധര്‍ തെരഞ്ഞെടുക്കുന്ന ഒരു ഫോട്ടോയ്ക്കും സമ്മാനങ്ങള്‍ ഉണ്ടാവും.
  • നിങ്ങളുടെ ഫോട്ടോകള്‍ ഈ പോസ്റ്റിനു കീഴില്‍ കമന്റ് ആയിട്ടാണ് പോസ്റ്റ് ചെയ്യേണ്ടത്. മെസ്സേജ് ആയോ, ടാഗ് ചെയ്യുന്നതുമായ ഫോട്ടോകള്‍ പരിഗണിക്കുന്നതല്ല.