കൊച്ചി:  രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിൽ ആയിഷ സുല്‍ത്താന സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി. 20ാം തീയതി ലക്ഷദ്വീപ് പോലീസ് വിളിപ്പിച്ച സാഹചര്യത്തില്‍ വ്യാഴാഴ്ച കേസ് പരിഗണിക്കണമെന്ന ആയിഷ സുല്‍ത്താനയുടെ ആവശ്യവും കോടതി അംഗീകരിച്ചു.

ബയോവെപ്പണ്‍ പരാമര്‍ശം സംബന്ധിച്ച പരാതിയില്‍ ലക്ഷദ്വീപിലെ കവരത്തി പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതിന് എതിരെയാണ് സംവിധായിക ആയിഷ സുല്‍ത്താന മുതിര്‍ന്ന അഭിഭാഷക പി വിജയഭാനു മുഖേന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.  കേസ് പരിഗണിച്ച കോടതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും നിലപാട് തേടി. കേസില്‍ ഞായറാഴ്ച ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ആയിഷ സുല്‍ത്താന പറഞ്ഞു.

അടിയന്തര സാഹചര്യം പരിഗണിച്ച് കേസ് വ്യാഴാഴ്ച പരിഗണിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസില്‍ രേഖാമൂലം അടുത്ത ദിവസം തന്നെ മറുപടി നല്‍കാമെന്ന് കേന്ദ്രവും ലക്ഷദ്വീപ് അഡ്മിനിട്രേഷനും അറിയിച്ചതോടെ ഐഷയുടെ ആവശ്യം കൂടി പരിഗണിച്ച് വ്യാഴാഴ്ചത്തേക്ക് കേസ് മാറ്റി. അഡ്മിനിട്രേറ്ററുടെ വിവാദ നടപടികളെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. ഇത് എങ്ങനെയാണ് കുറ്റകരമാവുക. പോലീസ് കേസ് സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം കോടതിയലക്ഷ്യമാണ് എന്നിവയാണ് വിഷയത്തില്‍ ആയിഷ സുല്‍ത്താനയുടെ നിലപാട്.

കേന്ദ്രസര്‍ക്കാരിന്റെ നിലപാടും മറ്റും കേട്ട ശേഷം ഹൈക്കോടതി കേസിലെടുക്കുന്ന നിലപാടും മറ്റും സുപ്രധാനമാകും. കേസില്‍ കക്ഷിചേരണമെന്നാവശ്യപ്പെട്ട് ഹിന്ദുസംഘടനാ നേതാവ് പ്രതീഷ് വിശ്വനാഥന്‍ ഹൈക്കോടതിയിലെത്തി.  ഇക്കാര്യത്തിലും കോടതി വ്യാഴാഴ്ച തീരുമാനം എടുക്കും.

അതിനിടെ  അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെയുള്ള പ്രതിക്ഷേധവുമായി ബന്ധപ്പെട്ട് സേവ് ലക്ഷദ്വീപ് ഫോറം യോഗം ചേര്‍ന്നു. ഫോറത്തില്‍ നിന്ന്  ബിജെപിയെ ഒഴിവാക്കാന്‍ തീരുമാനിച്ചു.  ആയിഷ സുല്‍ത്താനയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. സമരം കൂടുതല്‍ ശക്തമാക്കുമെന്നും ആയിഷ സുല്‍ത്താനയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും സേവ് ലക്ഷദ്വീപ് ഫോറം വ്യക്തമാക്കി.   

Content Highlight: HC seeks govt explanation on sedition charges against Aisha Sultana