കോഴിക്കോട്:   ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് സിറോ മലബാര്‍ സഭ. കാലങ്ങളായി നിലനിന്ന അനീതി പരിഹരിക്കാനുള്ള കോടതി  ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന്  സഭാ വക്താവ്  ഡോ.ചാക്കോ കാളാമ്പറില്‍ പറഞ്ഞു. ക്രിസ്തീയ പിന്നോക്കാവസ്ഥ പഠിക്കുന്ന കോശി കമ്മീഷന്റെ നടപടി വേഗത്തിലാക്കണം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിയില്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

വിധിക്കെതിരെ അപ്പീല്‍ പോകുന്നതില്‍ അര്‍ത്ഥമില്ല. ഒരു പതിറ്റാണ്ട് മുമ്പെങ്കിലും പരിഹരിക്കപ്പെടേണ്ട വിഷയം ഇപ്പോഴെങ്കിലും കോടതി ഇടപെട്ടത് വഴി ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍  ഇവിടെ നടന്നുകൊണ്ടിരിക്കുന്ന അനീതി സര്‍ക്കാര്‍ പുനഃക്രമീകരിക്കണമെന്നാണ് സഭയുടെ നിലപാട്.

92 ലെ ന്യൂനപക്ഷ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വന്ന സച്ചാര്‍ കമ്മിറ്റി തന്നെ എല്ലാ  ന്യൂനപക്ഷങ്ങള്‍ക്കും കിട്ടേണ്ടുന്ന അവകാശങ്ങള്‍  എടുത്തുപറയുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് പടിപടിയായി അട്ടിമറിയ്ക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് പാലൊളി പോലും 80;20 അനുപാതത്തെ തള്ളിപ്പറയുന്നത്.  ലീഗിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അവകാശങ്ങള്‍ നഷ്ടമാകുന്നതെന്നും സഭാ വക്താവ് ആരോപിച്ചു.  പിന്നോക്കാവസ്ഥ കൂടുതലുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതിയുടേത് ന്യായമായ വിധിയാണെന്ന്  കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട പി.ജെ. ജോസഫ്, യു.ഡി.എഫ്. വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

കോടതിയില്‍ വിധിയില്‍നിന്ന് മനസിലാക്കുന്നത് സ്‌കോളര്‍ഷിപ്പ് അര്‍ഹതപ്പെട്ട എല്ലാ കുട്ടികള്‍ക്കും ലഭിക്കണം എന്നതാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കി. വിധി പകര്‍പ്പ് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlight; HC scraps 80:20 ratio for minority scholarships Syro-Malabar sabha