കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിയില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവായതിന് പിന്നാലെ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്ന് ആര്‍.ചന്ദ്രശേഖരന്‍ അറിയിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് അദ്ദേഹം തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. വെള്ളിയാഴ്ച രാജിക്കത്ത് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ ഇനി പദവിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. 

 

രണ്ടാഴ്ചയ്ക്കകം കേസ് സി.ബി.ഐ.യ്ക്ക് കൈമാറണമെന്നും കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കത്തണമെന്നും  ജസ്റ്റിസുമാരായ പി.ആര്‍. രാമചന്ദ്ര മേനോന്‍, അശോക് ഭൂഷന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടത്.

 

കോര്‍പ്പറേഷന്‍ രാജ്യത്തിന് അകത്തു നിന്നും പുറത്ത് നിന്നും കശുവണ്ടി വാങ്ങിയ വകയില്‍ 600 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് ഹൈക്കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ക്രമക്കേടിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താം എന്നതായിരുന്നു ആദ്യം സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, പിന്നീട് സി.ബി.ഐ. അന്വേഷണത്തില്‍ വിരോധമില്ലെന്ന് കാണിച്ച് അഡിഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

 

കൊല്ലം വടക്കേവിള സ്വദേശിയായ കടകംപള്ളി മനോജാണ് കോര്‍പ്പറേഷനിലെ അഴിമതിയെ കുറിച്ച് സി.ബി. ഐ. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍  ഹര്‍ജി നല്‍കിയത്.