കൊച്ചി: കൂറുമാറ്റ നിയമപ്രകാരം പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി ചോദ്യം ചെയ്ത് ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

കൂറുമാറ്റം ആരോപിക്കപ്പട്ടപ്പോള്‍ ജോര്‍ജ് എം.എല്‍.എ.സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍, രാജി സ്വീകരിക്കാതെ അദ്ദേഹത്തെ മുന്‍കാല പ്രാബല്യത്തോടെ സ്പീക്കര്‍ എന്‍. ശക്തന്‍ അയോഗ്യനാക്കുകയായിരുന്നു. രാജി സ്വീകരിക്കാതിരുന്ന സ്പീക്കറുടെ നടപടി ശരിയല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

സത്യം ജയിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്നും ഉമ്മന്‍ചാണ്ടിയുടെ ചട്ടുകമായി സ്പീക്കര്‍ പ്രവര്‍ത്തിച്ചുവെന്നും, ഹൈക്കോടതി വിധിയോട് പ്രതികരിച്ചുകൊണ്ട് പി.സി ജോര്‍ജ്ജ് പറഞ്ഞു. 

2015 ജൂണ്‍ മൂന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെയാണ് പി.സി. ജോര്‍ജിന് അയോഗ്യത കല്‍പ്പിച്ചിരുന്നത്. മുന്‍കാല പ്രാബല്യത്തോടെയാണ് അയോഗ്യത എന്നതിനാല്‍ പി.സി ജോര്‍ജ്ജ് സമര്‍പ്പിച്ച രാജിക്ക് പ്രസക്തിയില്ലെന്നായിരുന്നു സ്പീക്കര്‍ വ്യക്തമാക്കിയിരുന്നത്. ഈ ആ നിലപാടിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്.

കേരളാ കോണ്‍ഗ്രസ് അംഗത്വം സ്വമേധയാ ഉപേക്ഷിച്ചുവെന്ന അവകാശവാദവും, കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചതും, അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും അടക്കമുള്ള രേഖകള്‍ പരിശോധിച്ചാണ് പി.സി ജോര്‍ജ്ജ് അയോഗ്യനാണെന്ന് സ്പീക്കര്‍ വിധിച്ചത്.

2015 നവംബര്‍ 10ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണി മന്ത്രി സ്ഥാനം രാജിവെക്കുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു പി.സി. ജോര്‍ജ്ജ് എം.എല്‍.എ. സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. മാണിക്ക് മാതൃകയാകട്ടേയെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.