കെ.സുരേന്ദ്രൻ
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്ന സംഘം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യുന്നു. തൃശ്ശൂര്‍ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍. സുരേന്ദ്രന്റെ ഡ്രൈവറെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്.
ഇതിനിടെ പത്തനംതിട്ടയിലെ കോന്നിയില്‍ എത്തി അന്വേഷണസംഘം തെളിവെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലങ്ങളിലൊന്നാണിത്. തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി ബി.ജെ.പി. കൊടുത്തയച്ചതാണ് തട്ടിക്കൊണ്ടുപോയ മൂന്നരക്കോടിയെന്ന് ആരോപണമുണ്ടായിരുന്നു. പരാതിക്കാരന്‍ ധര്‍മരാജന്റെ മൊഴിയും ഇതുതന്നെയായിരുന്നു.
പണം കോന്നിയിലേക്കാണ് കൊണ്ടുപോയതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് കോന്നിയിലെത്തിയുള്ള തെളിവെടുപ്പ്. കേസുമായി ബന്ധപ്പെട്ട കെ. സുരേന്ദ്രനെ ഉടന്‍തന്നെ ചോദ്യം ചെയ്‌തേക്കുമെന്ന് അന്വേഷണ സംഘം കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തെളിവ് ശേഖരണം.
കോന്നിയില്‍ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
ധര്‍മരാജന്റെ സഹോദരന്‍ ധനരാജനെയും ബി.ജെ.പി. സംസ്ഥാന ഓഫീസ് സെക്രട്ടറി മിഥുനെയും അന്വേഷണസംഘം വെള്ളിയാഴ്ച ചോദ്യംചെയ്തു. കുഴല്‍പ്പണക്കടത്തില്‍ ധര്‍മരാജിനൊപ്പം പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ധനരാജിനെ ചോദ്യം ചെയ്തത്. ധര്‍മരാജിനെ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബി.ജെ.പി. സംസ്ഥാന ഓഫീസ് ജീവനക്കാരന്‍ മിഥുനെ ചോദ്യംചെയ്തത്.
ജാമ്യാപേക്ഷ തള്ളി
കേസില്‍ മൂന്നാം പ്രതി കോടാലി പാഡി വല്ലത്ത് രഞ്ജിത്തിന്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തി(34)യുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതിയും തള്ളി. ജഡ്ജി ഡി. അജിത്കുമാറിന്റേതാണ് ഉത്തരവ്. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി നേരത്തേ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇ.ഡി. വിശദീകരണം നല്‍കും
കൊച്ചി: കൊടകരയില്‍ 3.5 കോടി രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ പത്തു ദിവസത്തിനകം വിശദീകരണം നല്‍കാമെന്ന് ഇ.ഡി. ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തെക്കുറിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഇ.ഡി.യുടെ അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ജസ്റ്റിസ് മേരി ജോസഫ് ഹര്‍ജി പത്തുദിവസം കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. സംസ്ഥാനസര്‍ക്കാരിനും നോട്ടീസുണ്ട്.
പ്രാഥമികപരിശോധന തുടങ്ങി
ഇ.ഡി. പ്രാഥമിക പരിശോധന തുടങ്ങി. ക്രൈംബ്രാഞ്ചില്‍നിന്ന് കേസിന്റെ രേഖകളുടെ പകര്‍പ്പുകള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സാധിക്കുമോ എന്നതില്‍ നിയമപരിശോധന നടത്തുന്നതിനാണ് രേഖകള്‍ വാങ്ങിയത്.
Content Highlight: Hawala case: Surendran's secretary questioned
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..