രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിനിടെ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതോടെ ഒഴിവുവന്ന വയനാട് ലോക്‌സഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല.
അതേസമയം, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ജലന്ധര്‍ ലോക്‌സഭാ സീറ്റിലേക്കും നാല് നിയമസഭാ സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. കര്‍ണാടകയ്‌ക്കൊപ്പം മേയ് 10-നാണ് ഉപതിരഞ്ഞെടുപ്പുകള്‍. 13-ന് വോട്ടെണ്ണും.
ഫെബ്രുവരി വരെ ഒഴിവുവന്ന സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് വയനാട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിശദീകരണം. ധൃതിയില്ല, കാത്തിരിക്കാം, ഒരു സീറ്റില്‍ ഒഴിവ് വന്നാല്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ആറ് മാസത്തെ സമയമുണ്ട്. വയനാട് എംപിക്ക് ജുഡീഷ്യല്‍ പരിഹാരത്തിനായി 30 ദിവസത്തെ സമയം വിചാരണക്കോടതി അനുവദിച്ചിട്ടുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
നേരത്തെ ധൃതിപിടിച്ച് ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് കോടതി വിധികളുടെ പശ്ചാത്തലത്തില്‍ കമ്മീഷന് തീരുമാനം റദ്ദാക്കേണ്ടി വന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് വയനാട്ടില്‍ ധൃതിപിടിച്ച് ഒരു തീരുമാനത്തിന് കമ്മീഷന്‍ തുനിയാതിരുന്നതെന്നാണ് സൂചന. അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി രണ്ടുവര്‍ഷത്തേക്ക് ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് രാഹുലിനെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയത്. രാഹുലിന് അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.
ഇതിനിടെ, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടി ലോക്‌സഭാ സെക്രട്ടറിയേറ്റ് പിന്‍വലിക്കുകയും ചെയ്യുകയുണ്ടായി. ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിലാണ് അയോഗ്യത പിന്‍വലിച്ചത്. ശിക്ഷ നടപ്പാക്കുന്നത് ജനുവരിയില്‍ ഹൈക്കോടതി തടഞ്ഞിരുന്നെങ്കിലും അയോഗ്യത പിന്‍വലിക്കാത്തതിനെതിരെ ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതിന്റെ വാദം ഇന്ന് കേള്‍ക്കുന്നതിന് തൊട്ടുമുമ്പാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് ഫൈസലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ചത്.
Content Highlights: Have six months-time for Wayanad polls, not in a hurry to conduct bypolls-EC.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..