തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ പിടികൂടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോയുമായി പോലീസ്. പ്രത്യേകദൗത്യസംഘത്തെ നിയോഗിച്ച് വ്യാപകമായ തിരച്ചില്‍ നടത്തിയാണ് പോലീസ് പ്രതികളെ പിടികൂടുന്നത്. 

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഇതുവരെ 745 പേരെ അറസ്റ്റ് ചെയ്തു. 334 പേര്‍ കരുതല്‍ തടങ്കലിലാണ്. ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഇനിയും അറസ്റ്റ് തുടരുമെന്ന് പോലീസ് അറിയിച്ചു. 

ഹര്‍ത്താലിന്റെ മറവില്‍ പരക്കെ അക്രമം നടന്നതോടെ ഒരു വിട്ടുവീഴ്ചയുമില്ലാതെ അക്രമികളെ പിടികൂടാനാണ് പോലീസിന്റെ തീരുമാനം.  സാമൂഹികമാധ്യമങ്ങളിലൂടെ വര്‍ഗീയ വികാരമിളക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ കേസെടുക്കും. അക്രമസംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച് പ്രതികളുടെ ആല്‍ബം തയ്യാറാക്കും. ഓരോ ജില്ലകളിലെയും അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറും. ഇതിനായി പ്രത്യേക ഡിജിറ്റല്‍ സംഘത്തെ രൂപീകരിച്ചു. സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകളും പിടിയിലായവരുടെ മൊബൈല്‍ ഫോണുകളും പോലീസ് പരിശോധിക്കും

ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. നിരവധി കടകളും വാഹനങ്ങളും നശിപ്പിച്ചു. ചിലയിടത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തിരുവനന്തപുരത്തും, കൊല്ലത്തും കോഴിക്കോടും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും ആക്രമണമുണ്ടായി. പലയിടത്തും ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. 

Content Highlights: hartal violence; police started special operation broken window to find culprits