കൊച്ചി:  കാസർകോട് ഇരട്ടക്കൊലപാതകത്തെത്തുടർന്ന് പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി.

മിന്നല്‍ ഹര്‍ത്താലിലെ എല്ലാ കേസുകളിലും ഡീന്‍ കുര്യാക്കോസിനെ പ്രതിചേര്‍ക്കണം. ഹര്‍ത്താലില്‍ കാസര്‍കോട്ടുണ്ടായ നഷ്ടം യുഡിഎഫ് നേതാക്കളായ കമറുദ്ദീന്‍,ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം കണക്കാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കാസര്‍കോട്ടെ ഇരട്ടക്കൊലപാതകത്തിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസിലും ഡീന്‍ കുര്യാക്കോസിനെ പ്രതിചേര്‍ക്കാനാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.  

ഹര്‍ത്താല്‍ നഷ്ടം കണക്കാക്കി സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഇതുപരിശോധിക്കാന്‍ കമ്മീഷനെ രൂപീകരിക്കുമെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഈ കമ്മീഷനായിരിക്കും ഒരോരുത്തരില്‍ നിന്നും ഈടാക്കേണ്ട നഷ്ടപരിഹാരം കണക്കാക്കി അത് ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്. 
 
ഡീന്‍ കുര്യാക്കോസിന് പുറമെ കാസർകോട് ഡിസിസി നേതാക്കളായ എം.സി. കമറുദ്ദീനും ഗോവിന്ദന്‍ നായരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ച വിവരം അറിഞ്ഞില്ലായിരുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയെ അറിയിച്ചു. ഇത് മുഖവിലക്കെടുക്കാതെയാണ് കോടതിയുടെ നടപടി. ഡീന്‍ കുര്യാക്കോസ് അഭിഭാഷകനും നിയമം അറിയാവുന്നയാളും അല്ലെ എന്ന് കോടതി ചോദിച്ചു. എന്നാല്‍ നിയമപഠനം പൂര്‍ത്തിയാക്കിയെങ്കിലും സന്നതെടുക്കുകയോ അഭിഭാഷകനായി ജോലി നോക്കുകയോ ചെയ്യുന്നില്ല എന്നാണ് ഡീന്‍ കുര്യാക്കോസിന് വേണ്ടി ഹാജരായ അഡ്വ. ദണ്ഡപാണി കോടതിയെ അറിയിച്ചത്. 

വിഷയത്തില്‍ ഇവരുടെ വിശദീകരണം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്. കോടതി അലക്ഷ്യ നടപടിയില്‍ ഇവരുടെ വാദം വിശദമായി കോടതി കേള്‍ക്കും. അതിന് മുമ്പ് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിയാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ച വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ കോടതി ഡീന്‍ കുര്യാക്കോസിന് മാര്‍ച്ച് അഞ്ചുവരെ സമയം നല്‍കി. 

അതേപോലെ ജനുവരി മൂന്നിലെ ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉണ്ടായ നഷ്ടങ്ങള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശബരിമല കര്‍മസമിതിയുടെയും ബിജെപിയുടെയും നേതാക്കളില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു.

ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും ശബരിമല കര്‍മസമിതിയുടെ മുഴുവന്‍ നേതാക്കളേയും പ്രതിചേര്‍ക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ സ്വീകരിച്ചതുപോലെ തന്നെ നഷ്ടപരിഹാരം കര്‍മസമിതി പ്രവര്‍ത്തകരില്‍ നിന്നും ഈടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

Content Highlights: Hartal violence, high court order to charge all cases against Dean kuriakkos