തിരുവനന്തപുരം/ കൊച്ചി/ കോഴിക്കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. കാസര്‍കോട് ജില്ലയില്‍ കോൺഗ്രസും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തപ്പോള്‍ യൂത്ത്‌ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. കൃപേഷ്, ജോഷി എന്നിവരാണ് കാസര്‍കോട് പെരിയയിൽ കൊല്ലപ്പെട്ടത്. 

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  കോഴിക്കോട് കുന്നമംഗലത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു. തിരുവനന്തപുരം ആറ്റിങ്ങലില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. 

Kannur hartal
കണ്ണൂർ കാൾടെക്സിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ
വാഹനങ്ങൾ തടയുന്നു. ഫോട്ടോ: റിധിന്‍ ദാമു

സ്വകാര്യ വാഹനങ്ങളും കെ.എസ്.ആര്‍.ടിസിയും കോഴിക്കോട് സര്‍വീസ് നടത്തുന്നുണ്ട്. പേരാമ്പ്ര, പയ്യോളി, കുന്നമംഗലം എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. കരിങ്ങാട് ഭാഗത്ത് സ്വകാര്യബസ് തടഞ്ഞ് യാത്രക്കാരെയും ഡ്രൈവറിനെയും ഇറക്കിവിട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്തു. അതേസമയം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്. 

അതേസമയം കോഴിക്കോട് പന്തീര്‍പ്പാടത്ത്  രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വയനാട്ടിലേക്ക് പോകുകയായിരുന്നു ഈ ബസുകൾ. 

Kollam Hartal
ഹര്‍ത്താലിനോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കൊല്ലത്ത് വാഹനങ്ങള്‍ തടയുന്നു. ഫോട്ടോ: അജിത്ത് പനച്ചിക്കല്‍

തിരുവനന്തപുരം നഗരത്തെ ഹര്‍ത്താലില്‍ നിന്ന് ഭാഗികമായി ഒഴിവാക്കിയിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല കണക്കിലെടുത്താണ് തീരുമാനം. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങള്‍ 10 മണിക്ക് ശേഷം തടയുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

ഹര്‍ത്താലിനെക്കുറിച്ച് അറിയാന്‍ ജനങ്ങള്‍ വൈകിയതിനാല്‍ അന്തര്‍ സംസ്ഥാന ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് തുടങ്ങിയിട്ടില്ല. 

കൊച്ചിയില്‍ സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ വരുംമണിക്കൂറുകളില്‍ അക്രമങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. 

തിരുവനന്തപുരം കിളിമാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു. ബസ് തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഹര്‍ത്താല്‍ ആഹ്വാനം വൈകിയാണ് എത്തിയതെന്നതിനാല്‍  പലരും ഇക്കാര്യം അറിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം ഹര്‍ത്താല്‍ ആഹ്വാനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കും. മിന്നല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനെതിരെയാണ് ഹര്‍ജി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍കൂര്‍ നോട്ടീസ് നല്‍കിയില്ല, ഫെയ്‌സ്ബുക്കില്‍ കൂടി ഹര്‍ത്താല്‍ ആഹ്വാനം നടത്തി തുടങ്ങിയവ ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.

ContentHighlights: Hartal Started, KSRTC Bus Attacked in Kozhiokode and Trivandrum