ഹര്‍ത്താല്‍ ദിനത്തില്‍ പെരുവഴിയിലായ വിദേശികള്‍, ഹര്‍ത്താലില്‍ വലഞ്ഞ് വിനോദസഞ്ചാരി.. ഹര്‍ത്താലിനേട് അനുബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ഈ സ്വഭാവമുള്ള ഫോട്ടോ ക്യാപ്ഷനുകളോ തലക്കെട്ടുകളോ നമ്മള്‍ തീര്‍ച്ചയായും കണ്ടിരിക്കും. ഇനിയും കാണുകയും ചെയ്യും. എന്നാല്‍, തങ്ങളെ വലയ്ക്കുന്ന ഒരു സമരമുറ മാത്രമായാണോ വിദേശികള്‍ ഹര്‍ത്താലിനെ നോക്കിക്കാണുന്നത്? അല്ല എന്നാണ് കൊച്ചിയില്‍ ഇന്ന് മാതൃഭൂമി.കോമിനോട് ഹര്‍ത്താലിനെ കുറിച്ച് പ്രതികരിച്ച വിനോദസഞ്ചാരികള്‍ പറയുന്നത്...

സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിനടുത്ത് വച്ചാണ് പൊരിവെയിലത്ത് നടന്നുപോകുന്ന പീറ്ററിനെയും ഭാര്യയെയും കണ്ടുമുട്ടുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ നിന്നെത്തിയ ഇവര്‍ കഴിഞ്ഞ ആറു ദിവസമായി ഇവിടെയുണ്ട്. ഹര്‍ത്താലിനെ കുറിച്ച് ചോദിച്ചപ്പോര്‍ പീറ്റര്‍ വാചാലനായി.

സമരത്തിന് മികച്ച പിന്തുണ ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സമരം ഒരു പ്രശ്‌നത്തോടുള്ള അവസാനത്തെ പ്രതികരണമാണ്. ജനങ്ങള്‍ ഇതാണ് നാം ചെയ്യേണ്ടതെന്ന് തീരുമാനിച്ചാല്‍ അവര്‍ക്കതിനുള്ള അവകാശമുണ്ട് -പീറ്റര്‍ പറയുന്നു.

ബസുകള്‍ ഇല്ലാത്തത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാല്‍ നടത്തം ഇഷ്ടമായതിനാല്‍ അത് വലിയ പ്രശ്‌നമല്ല. ഹര്‍ത്താലായതിനാല്‍ വലിയ തിരക്കില്ലാതെ വാഹനങ്ങളുടെ ശല്ല്യമില്ലാതെ നടന്ന് നഗരം കാണാനും സാധിക്കും. പീറ്റര്‍ ഹര്‍ത്താലിന്റെ മറ്റൊരു വശം ചൂണ്ടിക്കാണിച്ചു.

***

Alex amd Sandra
ഹര്‍ത്താലിനേക്കുറിച്ച് പ്രതികരിക്കുന്ന സ്‌പെയിനില്‍ നിന്നെത്തിയ അലെക്‌സും സാന്ദ്രയും

എംജി റോഡില്‍ ഹര്‍ത്താലില്‍ കുടുങ്ങി എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു സ്‌പെയിനില്‍ നിന്നെത്തിയ അലെക്‌സും സാന്ദ്രയും. ഇന്നലെ രാത്രി മാത്രം കൊച്ചിയിലെത്തിയ ഇവര്‍ക്ക് ഹര്‍ത്താലിനെ കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. നഗരത്തില്‍ കുറച്ച് ഷോപ്പിങ് നടത്തണമെന്ന് വിചാരിച്ചിരുന്നെങ്കിലും എല്ലാ കടകളും അടച്ചിട്ടിരിക്കുന്നതാണ് കാണുന്നതെന്ന് ഇവര്‍ പറയുന്നു.

കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. നഗരത്തില്‍ യാത്രചെയ്യാനും ബുദ്ധിമുട്ടുണ്ട്. എന്തുകൊണ്ടാണ് ഈ സമരം നടക്കുന്നതെന്ന് എനിക്കറിയില്ല. എന്നാല്‍, സമരം ഒരു മോശം കാര്യമല്ല. ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇത്തരം സമരമുറകള്‍ പ്രയോഗിക്കേണ്ടിവരുന്നത് സ്വാഭാവികമാണ്.

സ്‌പെയിനിലും കാര്യങ്ങള്‍ വളരെ മോശമാകുമ്പോള്‍ സമരങ്ങള്‍ ഉണ്ടാകാറുണ്ട്. നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ സമരത്തില്‍ പങ്കെടുക്കാം ഇല്ലെങ്കില്‍ ജോലിക്ക് പോകാം. സമരത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ല. ഇവിടെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. സമരത്തിന് മികച്ച പങ്കാളിത്തമുണ്ടെന്ന് തോന്നുന്നു. അതൊരു നല്ല കാര്യമാണെന്നാണ് ഞാന്‍ കരുതുന്നത് -അലെക്‌സ് നയം വ്യക്തമാക്കി.

എന്നാല്‍, സമരത്തെ കുറിച്ചുള്ള ചോദ്യത്തിന് അലെക്‌സ് പറഞ്ഞതുതന്നെയാണ് തന്റെയും അഭിപ്രായമെന്നായിരുന്നു സാന്ദ്രയുടെ മറുപടി. അവള്‍ക്ക് താന്‍ പറയുന്നതിനോടെല്ലാം യോജിപ്പാണെന്ന അലെക്‌സിന്റെ കമന്റില്‍ ഇരുവരും ഹര്‍ത്താലിലെ ബുദ്ധിമുട്ടുകള്‍ മറന്ന് പൊട്ടിച്ചിരിച്ചു.