കാട്ടാന അരിക്കൊമ്പൻ, പ്രതിഷേധിക്കുന്ന ജനങ്ങൾ| Photo: Mathrubhumi, Mathrubhumi news screengrab
പെരിയകനാല്‍, ബോഡിമെട്ട്, സിങ്കുകണ്ടം: കാട്ടാന അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇടുക്കിയിലെ പത്ത് പഞ്ചായത്തുകളില്‍ പുരോഗമിക്കുന്നു. പലയിടത്തും റോഡ് ഉപരോധിച്ചാണ് പ്രദേശവാസികളുടെ സമരം.
കൊച്ചി-ധനുഷ്‌കോടി പാത ഉള്‍പ്പെടെ സമരത്തിന് വേദിയായി. വാഹനങ്ങള്‍ തടഞ്ഞിട്ടെങ്കിലും പോലീസ് സമരക്കാരോടു സംസാരിച്ചതിന് പിന്നാലെ കുറേയധികം വാഹനങ്ങള്‍ കടത്തിവിട്ടു. എന്നാല്‍ വീണ്ടും ഉപരോധം ആരംഭിച്ചതോടെ കെ.എസ്.ആര്‍.ടി.സി. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.
അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോയെ മതിയാകൂ എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ആനയെ മാറ്റാതിരുന്നാല്‍ മനുഷ്യര്‍ക്ക് ജീവിക്കാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആന കാട്ടിനുള്ളില്‍നില്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ നാട്ടിലിറങ്ങി വീടുകള്‍ തകര്‍ക്കന്നതും ഉപദ്രവിക്കുന്നതുമാണ് പ്രശ്‌നം, പ്രദേശവാസികള്‍ പ്രതികരിച്ചു.
ആനയെ പിടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങളുണ്ടായിരുന്നത്. 26-ന് പിടിക്കുമെന്നായിരുന്നു കരുതിയിരുന്നത്. അതിനിടയിലാണ് മൃഗസ്‌നേഹികള്‍ കോടതിയെ സമീപിച്ചതിന് പിന്നാലെ മാര്‍ച്ച് 29-ന് ദൗര്‍ഭാഗ്യകരമായ വിധിയാണുണ്ടായത്. വിഷയം പഠിക്കാന്‍ കോടതി നിയോഗിച്ച സമിതി വന്ന് പഠനം പൂര്‍ത്തിയാക്കുന്നിടം വരെ സമരം തുടരും. പോലീസ് കേസ് എടുത്താലും ജയിലില്‍ അടച്ചാലും സമരം തുടരുക തന്നെ ചെയ്യുമെന്നും ബോഡിമെട്ടില്‍ റോഡ് ഉപരോധിച്ചവര്‍ പറഞ്ഞു.
സിങ്കുകണ്ടത്തും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. രാവിലെ മുതല്‍ ജങ്ഷനുകളില്‍ ആളുകള്‍ കൂടിനില്‍ക്കുന്നുണ്ട്. കുങ്കിയാനകളുടെ താവളം ഇതിനടുത്താണ്. ഞങ്ങളെ രക്ഷിക്കാന്‍ നാലു കുങ്കിയാനകള്‍ എത്തിയിട്ടുണ്ട്. ഞങ്ങള്‍ അവിടേക്ക് താമസം മാറും. കുങ്കിയാനകളാണല്ലോ സംരക്ഷകര്‍. ഞങ്ങള്‍ അവിടെ താമസിക്കും, പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.
ചിന്നക്കനാല്‍, ഇടമലക്കുടി, ശാന്തന്‍പാറ, രാജകുമാരി, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍ തുടങ്ങിയ പഞ്ചായത്തുകളാണ് ഹര്‍ത്താല്‍ നടത്തുന്നത്. സി.പി.എമ്മും കോണ്‍ഗ്രസും ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
അരിക്കൊമ്പന്‍ ദൗത്യം പെരുവഴിയിലായതിനൊപ്പം, 301 കോളനി ഒഴിപ്പിക്കലാണ് പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്ന വനംവകുപ്പിന്റെ നിലപാടും ആനയിറങ്കല്‍ നാഷണല്‍ പാര്‍ക്ക് എന്ന പുതിയ പദ്ധതിക്കായി സര്‍ക്കാരിനും കോടതിക്കും റിപ്പോര്‍ട്ട് നല്‍കിയതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Content Highlights: hartal in idukki regarding arikkomban elephant issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..