കോഴിക്കോട് : പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ആക്രമണം. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് കൂടിയ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാരെയാണ് പോലീസ് തടഞ്ഞത്. സമരക്കാര്‍ മുദ്രാവാക്യം വിളികളുമായി റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. 

രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അമ്പതോളം പ്രതിഷേധക്കാര്‍ സംഘടിച്ചിരുന്നു. സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റായ ഗ്രോ വാസുവിനെയടക്കമുള്ല പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹോട്ടല്‍ലുകള്‍ അടപ്പിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. 

കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകളും ലോറിയും തടഞ്ഞു. കണ്ണൂര്‍ തലശ്ശേരി ദേശീയ പാതയില്‍ സമരക്കാര്‍ ലോറിയുടെ താക്കോല്‍ ഊരിയെടുത്ത് ഓടി. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ടയര്‍ കത്തിച്ചും മുദ്രാവാക്യം വിളിച്ച് നടുറോഡില്‍ കുത്തിയിരുന്നുമാണ് പ്രതിഷേധക്കാരുടെ സമരം. കണ്ണൂരില്‍ റോഡ് ഉപരോധിച്ച സ്ത്രീകള്‍ അടക്കമുള്ള ഹര്‍ത്താല്‍ അനുകൂലികളെ പോലീസ്  അറസ്റ്റ് ചെയ്ത് നീക്കി. കണ്ണൂരില്‍ 13 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

സംസ്ഥാനത്തിന്റെ പലഭാഗത്തും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളെ സമരക്കാര്‍ തടഞ്ഞു. പ്രതിഷേധനത്തിനിടെ കൊല്ലത്തും കരുനാഗപ്പള്ളിയിലും വാളയാറിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി, ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. മലപ്പുറം, പത്തനംതിട്ട, കാസര്‍ഗോഡ് തുടങ്ങി പല കേന്ദ്രങ്ങളിലും സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ സമരക്കാര്‍ തടഞ്ഞു. 

പലയിടത്തും തുറന്ന കടകള്‍ അടപ്പിച്ചു. മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല. തിരൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. പാലക്കാട് ബസ് തടയാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് ഇടപെട്ട് തടഞ്ഞു. 25 സമരാനുകൂലികളെ ഇവിടെ പോലീസ് കസ്റ്റഡിയിലെടുത്തു. വാളയാറിലും ആലുവയിലും ബസിനു നേരെ കല്ലേറുണ്ടായി.

ഹര്‍ത്താല്‍ വിവരങ്ങള്‍ തത്സമയം അറിയാം..

Content Highlights: Hartal- hartal not affected bus service, Police security tightened