കൊച്ചി: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളുടെ പേരില്‍ എത്ര കേസുകളില്‍ വേണമെങ്കിലും ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആലുവ എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനപരമായ ഹര്‍ത്താലിനാണ് ആഹ്വാനം നല്‍കിയത്. അങ്ങനെ മാത്രമേ സംഭവിച്ചിട്ടുള്ളൂ. എന്നാല്‍, അങ്ങനെയല്ലെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. കൊലപാതകത്തെയും അതിനെതിരായ സമരത്തെയും ഒരുപോലെ കാണരുതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

പെരിയ കൊലപാതകത്തെ തുടര്‍ന്ന് ഫെബ്രുവരി 18ന് നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ എല്ലാ കേസുകളിലും ഡീനിനെ പ്രതി ചേര്‍ക്കണമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഹര്‍ത്താലിലെ നഷ്ടം ഡീനില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഹര്‍ത്താലില്‍ പൊതുമുതലിലെ നഷ്ടം മാത്രം 2.65 ലക്ഷം രൂപ വരുമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ പറയുന്നത്.

img
യൂത്ത് കോണ്‍ഗ്രസ് ആലുവ എസ്.പി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്

'നീതിപീഠത്തോട് ബഹുമാനമുണ്ട്. എന്നാല്‍, സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഈ കൊലപാതകികള്‍ക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ എത്ര കേസുകളില്‍ പ്രതികളാകേണ്ടിവന്നാലും എത്ര കേസുകളില്‍ ശിക്ഷിക്കപ്പെടേണ്ടിവന്നാലും അത് സ്വീകരിക്കാന്‍ തയാറാണ്. സമരം ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ കാണിക്കുന്നതിന്റെ പത്തിലൊന്ന് ആര്‍ജവമെങ്കിലും കൊലപാതകികളെ അറസ്റ്റുചെയ്യാന്‍ സര്‍ക്കാര്‍ കാണിക്കണം' -ഡീന്‍ ആലുവയില്‍ പറഞ്ഞു.

ഹര്‍ത്താലിന് ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന്റെ പേരില്‍ കോടതിയലക്ഷ്യ നടപടിയും ഡീന്‍ നേരിടുന്നുണ്ട്. തനിക്ക് ഈ വിധിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഇന്നലെ ഹൈക്കോടതിയില്‍ ഹാജരായ ഡീന്‍ നല്‍കിയ വിശദീകരണം.

img
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു.

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.  ആലുവ എസ്പി ഓഫീസിലേക്ക് നടന്ന മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി. ഇതേത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. കൊച്ചിയില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Content Highlights: hartal case; youth congress state president dean kuriakose says  he is ready to accept punishment