പത്തനംതിട്ട: ഹാരിസൺ മലയാളം കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ സംസ്ഥാനസർക്കാർ ഒരുങ്ങുന്നു. കമ്പനിയ്ക്ക് ഭൂമിയുള്ള എല്ലാ ജില്ലകളിലും ഇതിനായി കോടതിയെ സമീപിക്കാൻ ജില്ലാ കളക്ടർമാർക്ക് റവന്യൂവകുപ്പ് നിർദേശം നൽകി. എം ജി രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചു പിടിക്കാനുള്ള സർക്കാർ നീക്കം.

ശബരിമല വിമാനത്താവളപദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിനെ പിന്തുടർന്നാണ് നിയമനടപടികൾക്കായി സർക്കാർ ഒരുങ്ങുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാർ കൈവശം വെച്ചിരുന്നതും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈമാറ്റം ചെയ്തിട്ടില്ലാത്തതുമായ ഭൂമി തിരികെ പിടിക്കാനാണ് റവന്യൂ വകുപ്പിന്റെ ആവർത്തിച്ചുള്ള നിർദേശം.

ഇതിനായി ഹൈക്കോടതി നിർദേശാനുസരണം അതതു ജില്ലകളിലെ സിവിൽ കോടതികളിൽ കേസ് ഫയൽ ചെയ്യണം. 2019 ജൂൺ ആറിന്റെ ഉത്തരവ് കൂടാതെ കഴിഞ്ഞ ദിവസം വിവിധ ജില്ലാ കളക്ടർമാർക്ക് സർക്കാർ വീണ്ടും നിർദേശം നൽകി. ഭൂപരിഷ്കരണനിയമം നിലവിൽ വരുന്ന സമയത്ത് പാട്ടക്കരാറുകാരനായിരുന്നുവെന്ന് തെളിയിക്കാൻ ഹാരിസൺ മലയാളത്തിന് സാധിച്ചിട്ടില്ല.

1947 ന് മുമ്പ് ബ്രിട്ടീഷുകാർ കൈവശം വെച്ചികരുന്ന ഭൂമിയ്ക്ക് സ്വാതന്ത്ര്യാനന്തരം നിയമസാധുതയില്ല. സംസ്ഥാന-കേന്ദ്രസർക്കാറുകൾ ഈ ഭൂമി ആർക്കും നിയമപരമായി കൈമാറ്റം ചെയ്തിട്ടില്ല തുടങ്ങിയ വാദങ്ങളാണ് സർക്കാർ മുന്നോട്ടു വെയ്ക്കുന്നത്. ഭൂപരിഷ്കരണനിയമവും സർക്കാർ വാദങ്ങൾക്ക് ബലം പകരും. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഹാരിസൺ മലയാളം കമ്പനി ഭൂമി കൈവശം വെച്ചിട്ടുള്ളത്.