ഹരിതയില്‍ ഉന്നതരുടെ പിന്തുണയുറപ്പിച്ച് നവാസ്; മുഖം രക്ഷിക്കണമെന്ന് എം.എസ്.എഫ്


സ്വന്തം ലേഖകന്‍

ഹരിത പിരിച്ചുവിട്ടുവെന്ന് പറയുമ്പോഴും സംഘടനയുടെ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പുതിയ ഹരിത കമ്മിറ്റിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ് |ഫോട്ടോ:facebook.com|PK-Navas......

കോഴിക്കോട് : ഹരിത വിഷയം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍ഡിന്റെ അറസ്റ്റ് വരെ എത്തിയിട്ടും ലീഗിലെ ഉന്നതരുടെ പിന്തുണയുറപ്പിച്ച് പൂര്‍ണ ആത്മവിശ്വാസത്തിലാണ് പി.കെ നവാസ്. അറസ്റ്റും കാര്യങ്ങളും നടപടിക്രമങ്ങളുടെ ഭാഗം മാത്രമായി കണ്ടാല്‍ മതിയെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കളും രംഗത്തെത്തിയതോടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്ന നിലപാടാണ് ലീഗ് നേതൃത്വത്തിനുള്ളത്. പി.കെ നവാസിനെ പിന്തുണക്കുന്ന ഹരിതയുടെ ഏക ജില്ലാ കമ്മിറ്റിയായ മലപ്പുറം ജില്ലാ കമ്മിറ്റി ശനിയാഴ്ച സംഘടിപ്പിച്ച ഹരിതയുടെ പത്താംവാര്‍ഷികത്തിന്റെ സെമിനാറില്‍ പി.കെ നവാസ് പങ്കെടുക്കുകയും പെണ്‍കുട്ടികള്‍ക്ക് എതിരല്ല എം.എസ്.എഫെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഹരിത പിരിച്ചുവിട്ടുവെന്ന് പറയുമ്പോഴും സംഘടനയുടെ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പുതിയ ഹരിത കമ്മിറ്റിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അല്ലാത്ത പക്ഷം സ്ത്രീവിരുദ്ധരാണ് എം.എസ്.എഫും ലീഗുമെന്ന സോഷ്യല്‍ മീഡിയാ പ്രചാരണത്തിന് ശക്തികൂടുമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്. കോളേജുകളടക്കം തുറക്കാനിരിക്കെ ഹരിത കമ്മിറ്റിക്ക് അതിന് മുന്നെ രൂപം നല്‍കിയില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ എം.എസ്.എഫിന് തല ഉയര്‍ത്തി നില്‍ക്കാനാവില്ലെന്നും പി.കെ നവാസിനെ പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പി.കെ നവാസിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് ലീഗ് നേതൃത്വം.
അതേ സമയം ഹരിതയുടെ പരാതി മുസ്ലിം ലീഗ് നേതൃത്വം കൈകാര്യംചെയ്ത രീതിയാണു കാര്യങ്ങള്‍ വഷളാക്കിയതെന്ന് എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയിലെ ഒരു വിഭാഗം നേതൃത്വം ഉന്നയിക്കുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരടക്കം എട്ടു ഭാരവാഹികള്‍ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടിക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.
ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന്റെ അപക്വമായ ഇടപെടല്‍മൂലമാണ് ഹരിതയുടെ പരാതി വനിതാ കമ്മിഷനിലെത്തിയതെന്നും അവര്‍ ആരോപിക്കുന്നുണ്ട്. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കെതിരേ ഹരിത ഉയര്‍ത്തിയ ആരോപണങ്ങളെത്തുടര്‍ന്ന് ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ തീരുമാനം അത്യധികം ഖേദകരമാണ്. വിഷയം പാര്‍ട്ടിക്കും എം.എസ്.എഫിനും പൊതുസമൂഹത്തില്‍ വലിയ അവമതിപ്പുണ്ടാക്കി. ആരോപണവിധേയര്‍ തെറ്റുകാരാണെന്നു കണ്ടെത്തിയിട്ടും അര്‍ഹമായ അച്ചടക്കനടപടിയുണ്ടാകാത്തത് വിദ്യാര്‍ഥികള്‍ക്കിടയില്‍ പാര്‍ട്ടിക്കു പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. തീരുമാനം പുനഃപരിശോധിച്ച് പാര്‍ട്ടിയുടെ മുഖം രക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റിയോട് ആലോചിക്കാതെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്. ഇതിനെതിരെ നിലവിലെ ഹരിത സംസ്ഥാന കമ്മിറ്റി രംഗത്ത് വന്നതായിരുന്നു പ്രശ്നത്തിന് തുടക്കം. ഇത് ചര്‍ച്ച ചെയ്യാന്‍ കൂടിയായിരുന്നു പരാതിക്കാര്‍ പറയുന്ന യോഗം കോഴിക്കോട് വിളിച്ച് ചേര്‍ത്തതും. നിലവിലെ അവസ്ഥയില്‍ മലപ്പുറം ജില്ലാ കമ്മറ്റിയില്‍ നിന്നാണ് പുതിയ സംസ്ഥാന നേതൃത്വത്തിലേക്ക് അടക്കം ഇനി ആളുകള്‍ വരേണ്ടത്. ഇത് നിലവിലെ ഹരിത സംസ്ഥാനകമ്മിറ്റിക്ക് നന്നായി അറിയാം. തുടര്‍ന്ന് ഈ കമ്മിറ്റിയെ പിരിച്ച് വിടുവിക്കാന്‍ കഴിയാവുന്നതൊക്കെ ഹരിത സംസ്ഥാന നേതൃത്വം ചെയ്തിരുന്നു. സാദിഖലി തങ്ങള്‍ക്കടക്കം പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇത് നടപ്പാവില്ലെന്ന് കണ്ടതോടെയാണ് കള്ളങ്ങള്‍ പ്രചരിപ്പിച്ച് കൊണ്ട് വരുന്നതെന്നും നവാസിനെ പിന്തുണക്കുന്നവര്‍ പറയുന്നു. മാത്രമല്ല പ്രശ്‌നം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് മുന്നെ തന്നെ വനിതാ കമ്മീഷനിലേക്ക് പോയതും ഗൂഢലക്ഷ്യത്തിന്റെ ഭാഗമായിട്ട് തന്നെയാണ് എന്നാണ് ലീഗ് നേതൃത്വം വിലയിരുത്തുന്നത്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented