പി.പി ഷൈജൽ
കോഴിക്കോട്: എം.എസ്.എഫ് ഹരിത വിഷയത്തില്‍ പെണ്‍കുട്ടികളെ പിന്തുണച്ചുവെന്ന കാരണത്താല്‍ പുറത്താക്കപ്പെട്ട സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്. വയനാട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. ഇതോടെ ഇരകളെ സംരക്ഷിക്കുന്നതിന് പകരം അവര്‍ക്കെതിരെ നടപടിയെടുത്ത ലീഗിനേറ്റ വലിയ തിരിച്ചടിയായി കോടതി ഉത്തരവ്. എം.എസ്.എഫ് ഹരിതയിലെ പെണ്‍കുട്ടികള്‍ക്കെതിരേ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അടക്കമുള്ളവര്‍ ലൈംഗീക അധിക്ഷേപം നടത്തിയെന്നതായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണം പാര്‍ട്ടി അന്വേഷിക്കുകയും ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് പകരം ഹരിത പിരിച്ച് വിടുകയും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട പി.പി ഷൈജല്‍ അടക്കമുള്ളവരെ പുറത്താക്കുകയുമായിരുന്നു. ഒരു വിശദീകരണവും നീതിപൂര്‍വ്വം കേള്‍ക്കാതെയായിരുന്നു തങ്ങളെ പുറത്താക്കിയതെന്നും ഇത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായിരുന്നുവെന്നും പി.പി ഷൈജല്‍ മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. കോടതി ഉത്തരവ് വന്നതോടെ ഷൈജലിന് ഇനി പാര്‍ട്ടി വേദികളിലും പരിപാടികളിലും പങ്കെടുക്കാനാവും.
പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി മാത്രമായിരുന്നു പാര്‍ട്ടിക്കുള്ളില്‍ സംസാരിച്ചത്. ഇതിനാണ് ഞങ്ങളെ പുറത്താക്കിയത്. ഒരാള്‍ക്കെതിരേ നടപടിയെടുക്കുന്നത് പകരം നീതിക്ക് വേണ്ടി ശബ്ദിച്ച മുപ്പത് പേരെ പുറത്താക്കുകയാണ് പാര്‍ട്ടി ചെയ്തതെന്നും ഷൈജല്‍ പറഞ്ഞു. ഞങ്ങളെടുത്ത നിലപാട് ഒരിക്കലും പാര്‍ട്ടി വിരുദ്ധമായിരുന്നില്ല. മുസ്ലീം വിദ്യാര്‍ഥികളുടെ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശത്തിനും വേണ്ടി പോരാടുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നാണ് ഞങ്ങള്‍ പഠിച്ചത്. ആ ആശയത്തില്‍ ഉറച്ച് നിന്ന് കൊണ്ടാണ് വിഷയത്തില്‍ ഇടപെട്ടത്. അതൊരിക്കലും പാര്‍ട്ടി വിരുദ്ധമായിരുന്നില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ഷൈജല്‍ ചൂണ്ടിക്കാട്ടി.
എം.എസ്.എഫിന് അകത്ത് കുറെ കാലമായി നടന്ന് കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ നിലപാടുകളാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഹരിത വിഷയത്തില്‍ ഇരകളെ പിന്തുണച്ചവരെയെല്ലാം ചിലര്‍ ലക്ഷ്യം വെക്കുകയായിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെ പാര്‍ട്ടിയോട് ആലോചിക്കാതെ നിയമിച്ചവര്‍ തന്നെയാണ് അയാളെ സംരക്ഷിച്ചത്. തീര്‍ച്ചയായും നീതി പുലര്‍ന്നിട്ടില്ല എന്ന് തോന്നിയത് കൊണ്ടാണ് കോടതിയെ സമീപിച്ചത്. ഞങ്ങളെ പോലെയുള്ള പ്രവര്‍ത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന വിധിയാണ് കോടതിയില്‍ നിന്നുണ്ടായതെന്നും ഷൈജല്‍ ചൂണ്ടിക്കട്ടി.
വളരെ ജാഗ്രതയോടെ പാര്‍ട്ടി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമായിരുന്നു ഇത്. മുസ്ലീം പെണ്‍കുട്ടികള്‍ പഴയതില്‍ നിന്നും വ്യത്യസ്ഥമായി വിദ്യാഭ്യാസപരമായും സാമൂഹികമായും മുന്‍പന്തിയിലേക്ക് വരുന്ന കാലമാണിത്. ഹരിതയിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചിരുന്നുവെങ്കില്‍ അത് വരും തലമുറയ്ക്ക് പാര്‍ട്ടിയിലേക്ക് വരാനുള്ള ഒരു പാഠം കൂടിയാവുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല എന്നതാണ് ഞങ്ങളെ പോലെയുള്ളവരെ ഏറെ വിഷമിപ്പച്ചതെന്നും ഷൈജല്‍ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..