കോളേജ് വിദ്യാർഥികൾ ഹാപ്പിനസ് ഗാർഡനിൽ
സന്തോഷം തളംകെട്ടിനില്ക്കുന്ന ഒരു കലാലയം. കുട്ടികളെ പ്രവേശന കവാടത്തില്‍നിന്ന് സ്വീകരിച്ചാനയിക്കുന്ന അധ്യാപകര്‍. ഹാപ്പിനസ് ഗാര്‍ഡനില്‍ സൗഹൃദം പങ്കിടുന്ന വിദ്യാര്‍ഥികള്‍. പടികടന്നെത്തുമ്പോള്‍ വിശേഷങ്ങള്‍ ചോദിച്ചറിയുന്ന സുരക്ഷാജീവനക്കാര്‍. ഇവിടെ എല്ലാവരും ഹാപ്പിയാണ്. ആര്‍ക്കും പരാതികളോ പരിഭവങ്ങളോ ഇല്ല. സ്നേഹം പങ്കുവെച്ച് സന്തോഷത്തിന്റെ പുതിയ അധ്യായം രചിക്കുകയാണ് താളൂര്‍ നീലഗിരി കോളേജ്. ഇന്ത്യയില്‍ത്തന്നെ കോളേജ് തലത്തില്‍ ആദ്യമായി ഒരു ഹാപ്പിനസ് സെന്റര്‍ എന്ന ആശയത്തിലേക്ക് നടന്നടുക്കുകയാണിവര്. ആരുമില്ലാത്തവരെ ചേര്‍ത്തുനിര്‍ത്തിയും വിശക്കുന്നവന് ഭക്ഷണം നല്‍കിയും അവര്‍ സന്തോഷം കണ്ടെത്തുന്നു. വിദ്യാഭ്യാസത്തിനൊപ്പം സാമൂഹികനന്മകളിലേക്ക് വെളിച്ചംവീശുന്ന ലൈറ്റ്ഹൗസായി കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ഈ കലാലയം തിളങ്ങിനില്‍ക്കുകയാണ്.
2018-ലാണ് കോളേജില്‍ ഹാപ്പിനസ് സെന്റര്‍ എന്ന ആശയത്തിന് തുടക്കംകുറിച്ചത്. മാര്‍ച്ച് 20-ന് ലോക സന്തോഷദിനത്തിലായിരുന്നു പദ്ധതിയുടെ തുടക്കം. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സന്തോഷമുറപ്പാക്കുകയായിരുന്നു ലക്ഷ്യം. കാമ്പസിനുള്ളിലും പുറമേനിന്നെത്തുന്നവര്ക്കും സന്തോഷം നല്കുന്ന കേന്ദ്രമാക്കിമാറ്റാന്‍ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കാമ്പസുമായി ബന്ധപ്പെടുന്ന ആര്‍ക്കും പരാതികളില്ലാതിരിക്കാന് പ്രത്യേകശ്രദ്ധ നല്‍കുന്നുണ്ട്. ഓരോവര്‍ഷവും വിദ്യാര്‍ഥികളുടെ സന്തോഷസൂചിക പരിശോധിക്കുന്നു. കലയും കായികവും ജീവകാരുണ്യപ്രവൃത്തികളും മാര്‍ഗങ്ങളാകുന്നു. സ്നേഹസ്വരം, ഹാപ്പിനസ് ഗാര്ഡന്, ഹാപ്പിനസ് ലഞ്ച്, ഹാപ്പിനസ് റോബോട്ട് തുടങ്ങിയവയാണ് സന്തോഷമുറപ്പാക്കുന്ന പദ്ധതികള്‍. സ്പോര്‍ട്സ് അക്കാദമിക്കുകീഴില്‍ സൈക്ലിങ്, ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവയും നടക്കുന്നു. വിഷമങ്ങളുള്ളവരെ കേള്‍ക്കാന്‍ 'ഹാപ്പിറ്റല്' എന്നൊരു പദ്ധതി ഈവര്‍ഷം തുടങ്ങി. അഞ്ചുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ ഹാപ്പിനസ് സെന്ററായി കാമ്പസിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് നീലഗിരി കോളേജ് മാനേജിങ് ഡയറക്ടര്‍ റാഷിദ് ഗസ്സാലി പറഞ്ഞു.
സാന്ത്വനമായി 'സ്നേഹസ്വരം'
2019-ല്‍ വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ സംഗമമാണ് ഹാപ്പിനസ് സെന്റര്‍ എന്ന ആശയത്തിന്റെ വിളംബരമായത്. വയനാട്, നീലഗിരി ജില്ലകളിലെ 500 ആളുകളാണ് സ്നേഹസ്വരം എന്ന പരിപാടിയില്‍ പങ്കെടുത്തത്. ഓരോരുത്തര്‍ക്കും പ്രത്യേകപരിഗണന നല്കി ഒരുദിവസം മുഴുവന്‍ കുട്ടികള്‍ അവരോടൊത്ത് ചെലവഴിച്ചു. അവരുള്ള ഇടങ്ങളില്‍ച്ചെന്ന് കുട്ടികള്‍ അവരെ കൂട്ടിക്കൊണ്ടുവന്നു. കൈപിടിച്ച് കൂടെനടത്തി. ഭക്ഷണം വാരിക്കൊടുത്തു. പാട്ടുപാടിയും ഒപ്പം ആടിയും ഒരു പകല്‍ അവിസ്മരണീയമാക്കി. രണ്ടുതവണയായി 20 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കിയാണ് അവരെ യാത്രയാക്കിയത്. ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ പറ്റാതെപോയവര്ക്ക് ഓര്‍ത്തിരിക്കാനുള്ള ദിനം. ഒപ്പം, കുട്ടികള്‍ക്ക് മാതാപിതാക്കളുടെ വില മനസ്സിലാക്കുന്നതിനുള്ള അവസരം. ഇതാണ് സ്നേഹസ്വരം പങ്കുവെക്കുന്ന സന്ദേശം.
Content Highlights: happines center in thaloor college
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..