ചേര്‍ത്തല: കോടികളുടെ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ മോന്‍സണ്‍ മാവുങ്കലിന് പണം കൈമാറിയത് ഡിഐജി സുരേന്ദ്രന്റെ ഔദ്യോഗിക വസതിയില്‍ വെച്ചാണെന്ന് പരാതിക്കാരന്‍ യാക്കൂബ്. 25 ലക്ഷം രൂപയാണ് കൈമാറിയത്. ഡിഐജിയുടെ വീട്ടില്‍ ആ സമയം പാര്‍ട്ടി നടക്കുകയായിരുന്നുവെന്നും യാക്കൂബ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

മോന്‍സണാണ് തന്നെ ഡിഐജിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പാര്‍ട്ടിക്കിടെ ഫെമ കേസുമായി ബന്ധപ്പെട്ട് ഡിഐജിയോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ മോന്‍സണ്‍ ഇടപെട്ടെന്നും യാക്കൂബ് പറഞ്ഞു. 

അന്ന് തൃശൂരിലെ ഒരു ഹാളില്‍വെച്ച് മോന്‍സണിന് പണം നല്‍കാമെന്നാണ് കരുതിയത്. എന്നാല്‍ അവിടെ അതിനുള്ള സാഹചര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഡിഐജിയുടെ വീട്ടില്‍ പാര്‍ട്ടിയുണ്ടെന്നു പറഞ്ഞ് മോന്‍സണ്‍ തന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയത്. അവിടെവെച്ച് തന്റെ കാറിലിരുന്ന 25 ലക്ഷം രൂപ മോന്‍സണിന്റെ കാറിലേക്ക് വെച്ചുകൊടുത്തു. 

വലിയ പാര്‍ട്ടിയാണ് അന്നവിടെ നടന്നത്. നിരവധിയാളുകള്‍ പങ്കെടുത്തു. ഭക്ഷണം കഴിക്കാന്‍ തന്നേയും നിര്‍ബന്ധിച്ചു. പാര്‍ട്ടിക്കിടെ ഫെമ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിഐജിയോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പെട്ടെന്ന് മോന്‍സണ്‍ ഇടപെട്ട് വിഷയം മാറ്റി. ഡിഐജിക്ക് ഇക്കാര്യം 100 ശതമാനം അറിയുമോ ഇല്ലയോ എന്നൊന്നും താന്‍ അറിഞ്ഞിരുന്നില്ല. മോന്‍സണിന്റെ പെരുമാറ്റമെല്ലാം കണ്ടപ്പോള്‍ ഡിഐജിയുടെ അറിവോടെയാണ് എല്ലാ കാര്യങ്ങളെന്നും വിശ്വസിച്ചുപോയെന്നും യാക്കൂബ് പറഞ്ഞു.

ട്രാഫിക് ഐജി ജി. ലക്ഷ്മണ മോന്‍സണിനായി ഇടപെട്ടതിന്റെ ഇമെയില്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.  ആറര കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പന്തളം സ്വദേശി നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് ലക്ഷമണ ഇടപെട്ടത്. ഈ കേസിലെ അന്വേഷണം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ കേസന്വേഷണം തിരിച്ച് ചേര്‍ത്തല എസ്എച്ച്ഒയ്ക്ക് കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ പേരില്‍ ട്രാഫിക് ഐജിയായ ജി. ലക്ഷ്മണ ഉത്തരവിറക്കുകയായിരുന്നു. 
 
സംസ്ഥാനത്തെ നിരവധി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മോന്‍സണുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് വിവരം. കൊച്ചി നഗരത്തിലെ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിന് തൊട്ടുമുമ്പ് ചേര്‍ത്തലയില്‍ നടന്ന മോന്‍സണിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിലും പ്രമുഖരായ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരും മോന്‍സണും തമ്മില്‍ നിയമവിരുദ്ധമായ ഇടപെടലുകളുണ്ടോയെന്നത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

content highlights: handed over 25 lakh rupees at DIG Surendran's residence says complainant