തിരുവനന്തപുരം: ഹലാൽ ഭക്ഷണ വിവാദത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസൽമാനും പരസ്പരം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത് എന്ന് സന്ദീപ് വാര്യർ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്ന ഭാരവാഹി യോഗത്തിലെ കർശന നിർദേശം ലംഘിച്ചാണ് സന്ദീപ് വാര്യരുടെ അഭിപ്രായ പ്രകടനം. ഇത് ബിജെപി നേതൃത്വത്തിനിടയിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. 

ഹലാൽ ഭക്ഷണ വിവാദത്തിൽ ബിജെപി സംസ്ഥാന നേതൃത്വവും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്വീകരിച്ച നിലപാടിന് വിരുദ്ധമായ നിലപാടുമായാണ് ഇപ്പോൾ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിൽ കൂടിയാണ് സന്ദീപ് വാര്യർ നിലപാട് പങ്കുവെച്ചത്. 

ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും. ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരൻ, അവിടേക്ക് പച്ചക്കറി നൽകിയിരുന്ന വ്യാപാരി, പാൽ വിറ്റിരുന്ന ക്ഷീരകർഷകൻ, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ? അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം. ഉത്തരവാദിത്തമില്ലാത്ത ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഒരു മനുഷ്യായുസിന്റെ പ്രയത്നമാണ് ഇല്ലാതാകുന്നത് എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ സന്ദീപ് വാര്യർ പറയുന്നത്. വിഷയത്തിൽ വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടതെന്നും പോസ്റ്റിൽ പറയുന്നു.

ഹലാൽ ഭക്ഷണ വിവാദത്തിൽ ബിജെപി നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാടിന് വിരുദ്ധമാണ് ഇപ്പോൾ സന്ദീപ് വാര്യരുടെ അഭിപ്രായം. ഇതുകൂടാതെ പാർട്ടിക്കകത്ത് സന്ദീപിനോട് വക്താക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തരുത് എന്ന് കർശന നിർദേശം നൽകിയിരുന്നു. ഈ മാസം 2ാം തീയതി തിരുവനന്തപുരത്ത് ചേർന്ന  ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെയാണ് സന്ദീപിന് കർശന നിർദേശം നൽകിയത്. എന്നാൽ ഇതിന് പിന്നാലെയാണ് ഹലാൽ ഭക്ഷണ വിവാദത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനവുമായി സന്ദീപ് രംഗത്തെത്തിയത്. 

Content Highlights: Halal food controversy Kerala - Sandeep warrier facebook post