കണ്ണൂര്‍: ഹലാല്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹലാല്‍ എന്നാല്‍ കഴിക്കാന്‍ സാധിക്കുന്നത് എന്ന അര്‍ത്ഥമാണ് ഉള്ളത്. എന്നാല്‍ അത് മറ്റൊരു അര്‍ത്ഥത്തില്‍ പ്രചരിപ്പിച്ച് വിവാദമുണ്ടാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നതാണ്. അതുകൊണ്ട് വേറെ ദോഷമില്ല എന്നതാണ് ഉദ്ദേശിക്കുന്നത്. അത്തരമൊരു അര്‍ത്ഥമാണ് ആ പദത്തിനുള്ളത്. എന്നാല്‍ അതിനോടൊപ്പം ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയൊരു വല്ലാത്ത ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അത് രാജ്യവ്യാപകമായിട്ടുണ്ട്. കേരളത്തിലും ചില നടപടികള്‍ കാണാന്‍ സാധിക്കും' - പിണറായി പറഞ്ഞു.

സാമുദായ - വര്‍ഗീയ ശക്തികളുടെ വളര്‍ച്ച സ്ത്രീകള്‍ക്കിടയിലെ നവോത്ഥാന കാലത്തെ മുന്നേറ്റങ്ങളെ പോലും തടയുന്നവിധത്തിലായി വളര്‍ന്നിട്ടുണ്ട്. സ്ത്രീകളെ ജാതി സമുദായങ്ങളുടെ കാലഹരണപ്പെട്ട  ആചാരങ്ങളുടേയും ഉത്തരവാദിത്തങ്ങളുടേയും നടുവില്‍ കുരുക്കി രണ്ടാംകിട പൗരന്‍മാരാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.