കൊച്ചി: സുപ്രീം കോടതിയില്‍ മൊഴി നല്‍കുന്നതിനുവേണ്ടി ഹാദിയയെ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും. ഡിവൈഎസ്പി സുഭാഷായിരിക്കും ഹാദിയയെ വിമാനത്തില്‍ അനുഗമിക്കുക. വൈക്കത്തെ വീട്ടിലെത്തിയ പോലീസ് ഹാദിയയുടെ അച്ഛന്‍ അശോകനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവരെ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോവാന്‍ തീരുമാനമായത്.

നവംബര്‍ 27ന് വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പ് ഹാദിയയെ നേരിട്ട് ഹാജരാക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതു വരെ ഹാദിയയുടെ സംരക്ഷണ ചുമത സംസ്ഥാന സര്‍ക്കാരിനാണെന്നിരിക്കെ ഡല്‍ഹിയിലേക്ക് പോവുന്നതിനായി സര്‍ക്കാര്‍ നല്‍കിയ വിമാന ടിക്കറ്റ് ഹാദിയയുടെ പിതാവ് അശോകന്‍ നിരസിച്ചിരുന്നു. 

ഹാദിയയ്ക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് വനിതാ കമ്മീഷനും ചൂണ്ടിക്കാട്ടിയിരുന്നു. ഹാദിയയെ വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിക്കണമെന്നും ഇതിന്റെ ചെലവ് വനിതാ കമ്മീഷന്‍ വഹിക്കുമെന്നും കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായ പ്രതികരണമല്ല ഹാദിയയുടെ പിതാവ് അശോകന്റെ ഭാഗത്തു നിന്നും ലഭിച്ചത്. സര്‍ക്കാര്‍ വാഗ്ദാനവും അശോകന്‍ തള്ളുകയായിരുന്നു. 

ഹാദിയ കേസില്‍ ഈ മാസം 27നാണ് സുപ്രീം കോടതി അടുത്ത വാദം കേള്‍ക്കുന്നത്. ഇതിനു മുന്നോടിയായ ഹാദിയ കേസിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട്കഴിഞ്ഞ ദിവസം എന്‍ഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

അടച്ചിട്ട മുറിയില്‍ ഹാദിയയുടെ മൊഴി കേള്‍ക്കണമെന്ന് അശോകന്‍ നേരത്തെ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ട് ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. അതുവരെ ഹാദിയയുടെ സുരക്ഷാ ചുമതല സര്‍ക്കാരിനാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.