രാജസ്ഥാനിലെ വീട്ടിലെത്തിയ ബാലിക, ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലെ വേദിക്ക് പിന്നിൽനിന്ന് പെൺകുട്ടി നൃത്തം ആസ്വദിക്കുന്നതിന്റെ വൈറൽ ചിത്രം
ഗുരുവായൂർ: ആരുടെയും മനസ്സലിയിക്കുന്നതായിരുന്നു ആ കാഴ്ച. ഗുരുവായൂർ ക്ഷേത്രത്തിലെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ സമപ്രായക്കാരായ കുട്ടികൾ നൃത്തം ചെയ്യുന്നത് വേദിക്ക് പിന്നിൽനിന്ന് ആസ്വദിക്കുന്ന നാടോടി പെൺകുട്ടിയുടെ വീഡിയോ.
ഓഡിറ്റോറിയത്തിന് പിന്നിലെ കൈവരിയിൽ പിടിച്ചുനിന്ന് നർത്തകിമാരെ കൊതിയോടെ നോക്കിനിൽക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. ഇതോടെ കുട്ടിയെ കണ്ടെത്താൻ വിവിധ കോണുകളിൽനിന്നായി അന്വേഷണം നടന്നിരുന്നു. രാജസ്ഥാനിലെ സമയ്-പിങ്കി ദമ്പതിമാരുടെ മകൾ ഹാർത്തി (12)യാണ് ആ കുട്ടി.
രണ്ടു ദിവസമായി കുട്ടിയെ ഗുരുവായൂരിലെ പലരും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അവർ നാട്ടിലേക്ക് മടങ്ങിയെന്ന വിവരമാണ് ലഭിച്ചത്. കുറച്ചു ദിവസം കഴിഞ്ഞാൽ ഗുരുവായൂരിലേക്ക് തിരിച്ചെത്തുമെന്ന് അവരുമായി ബന്ധപ്പെട്ട മറ്റൊരു നാടോടി കുടുംബം പറയുന്നു. കിഴക്കേ നടയിൽ ഇളനീർ കച്ചവടം ചെയ്യുന്ന വേണുഗോപാലാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ കുട്ടിയെ കാണിച്ചത്. വേണുഗോപാലന്‍ നന്നായി ഹിന്ദി സംസാരിക്കാനറിയാം.
തന്റെ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടതെന്ന് കുട്ടിയെ അറിയിച്ചു. അവളുടെ മുഖത്ത് നല്ലൊരു ചിരി വിടർന്നെങ്കിലും ഉള്ളിലൊരു പകപ്പുണ്ടായത്രേ. വിവരമറിഞ്ഞപ്പോൾ മാതാപിതാക്കൾക്കും ചെറിയൊരു ഭയമുണ്ടായി. ശബരിമല സീസണിൽ ഗുരുവായൂരിൽ മാല, റിബൺ, മുടിയിൽ ചൂടാനുള്ള ബണ്ണുകൾ തുടങ്ങിയവ വിൽക്കുന്നവരാണിവർ. ബണ്ണുമായി ക്ഷേത്രനടയിലെത്തിയപ്പോഴാണ് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ നൃത്ത അരങ്ങേറ്റം കണ്ടത്. മുഷിഞ്ഞ വേഷമായതിനാൽ ഹാർത്തിക്ക്, മുന്നിലെ സദസ്സിൽ കയറിയിരിക്കാനുള്ള ധൈര്യമുണ്ടായില്ല.
നൃത്ത അരങ്ങേറ്റത്തിനുവന്നവരിൽ ആരോ ആണ് ദൃശ്യം മനോഹരമായി പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. രാജസ്ഥാനിൽനിന്ന് തിരിച്ചെത്തുമ്പോൾ അവൾക്കു നൽകാനുള്ള സ്നേഹസമ്മാനങ്ങളുമായി കാത്തിരിക്കുകയാണ് ഗുരൂവായൂരിലെ സുമനസ്സുകൾ.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ
Content Highlights: Guruvayur in search of Enjoyed dancing girl
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..