മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി നൽകിയ ഥാർ | ഫോട്ടോ: മാതൃഭൂമി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ വീണ്ടും ലേലം ചെയ്തു. അങ്ങാടിപ്പുറം സ്വദേശിയും പ്രവാസി വ്യവസായിയുമായ വിഘ്നേഷ് വിജയകുമാറാണ് 43 ലക്ഷം രൂപയ്ക്ക് ഥാര്‍ സ്വന്തമാക്കിയത്. തിങ്കളാഴ്ച മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുനര്‍ലേലത്തില്‍ ആകെ 15 പേരാണ് പങ്കെടുത്തത്. 15 ലക്ഷമായിരുന്നു വാഹനത്തിന് നിശ്ചയിച്ചിരുന്ന അടിസ്ഥാന വില. 43 ലക്ഷം രൂപയ്ക്ക് പുറമേ ജി.എസ്.ടി.യും വാഹനം സ്വന്തമാക്കിയ ആള് നല്‍കണം.
വാഹനം സ്വന്തമാക്കിയ വിഘ്നേഷ് വിജയകുമാര്‍ ദുബായിലെ വെല്‍ത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എം.ഡി.യാണ്. അനൂപ് എന്നയാളാണ് ഇദ്ദേഹത്തിന് വേണ്ടി ലേലത്തില്‍ പങ്കെടുത്തത്. വിഘ്നേഷിന്റെ അച്ഛനും ലേലത്തിനെത്തിയിരുന്നു. അതേസമയം, കഴിഞ്ഞതവണ നടന്ന ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദ് അലി ഇത്തവണത്തെ ലേലത്തില്‍ പങ്കെടുത്തിരുന്നില്ല.
വാഹനം സ്വന്തമാക്കിയ വിഘ്നേഷ് ഗുരുവായൂരപ്പന്റെ ഭക്തനാണെന്നും ആദ്യത്തെ ലേലം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ഇദ്ദേഹത്തിന് വേണ്ടി ലേലത്തില്‍ പങ്കെടുത്ത അനൂപ് മാധ്യമങ്ങളോട് പറഞ്ഞു. എത്ര തുകയാണെങ്കിലും വാഹനം സ്വന്തമാക്കാന്‍ തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. തങ്ങള്‍ എല്ലാമാസവും ഗുരുവായൂരില്‍ ദര്‍ശനത്തിന് വരാറുണ്ടെന്ന് വിഘ്നേഷിന്റെ അച്ഛനും പ്രതികരിച്ചു. വാഹനം അങ്ങാടിപ്പുറത്തേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ നടന്ന ലേലത്തില്‍ ഇടപ്പള്ളി സ്വദേശിയും പ്രവാസിയുമായ അമല്‍ മുഹമ്മദ് അലി 15.10 ലക്ഷം രൂപയ്ക്കാണ് ഥാര്‍ സ്വന്തമാക്കിയത്. എന്നാല്‍ ഇതിനുപിന്നാലെ ലേലത്തെച്ചൊല്ലി വിവാദമുയര്‍ന്നു. പ്രചാരം നല്‍കാതെ ലേലം നടത്തിയെന്നും ലേലത്തില്‍ പങ്കെടുത്തത് ഒരാള്‍ മാത്രമാണെന്നുമായിരുന്നു പരാതി. ഇതോടെ അമലിന് വാഹനം വിട്ടുനല്‍കിയില്ല. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം ദേവസ്വം കമ്മീഷണര്‍ സിറ്റിങ് നടത്തുകയും വാഹനം വീണ്ടും ലേലം ചെയ്യാന്‍ ഉത്തരവിടുകയുമായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് മഹീന്ദ്ര കമ്പനി പുതിയ മോഡല്‍ ഥാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ചത്.
Content Highlights: guruvayur devasom mahindra thar auction vignesh vijayakumar given 43 lakhs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..