ഗുരുവായൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശിവേലി എഴുന്നെള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. തൃശ്ശൂര്‍ കോതച്ചിറ വെളുത്തേടത്ത് രാമന്‍നായരുടെ മകന്‍ സുഭാഷാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ ശീവേലി എഴുന്നെള്ളിപ്പിന്റെ രണ്ടാം പ്രദക്ഷിണത്തിനിടെയാണ് സംഭവം.ശ്രീകൃഷ്ണന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്.ശ്രീകൃഷ്ണന്‍ ഇടഞ്ഞപ്പോള്‍ മുന്നിലുണ്ടായിരുന്ന ഗോപിക്കണ്ണന്‍,രവികൃഷ്ണ എന്നീ ആനകള്‍ വിരണ്ടോടി.കോലമേറ്റിയിരുന്ന ഗോപിക്കണ്ണന്റെ പുറത്തിരുന്ന കീഴ്ശാന്തി മേലേടം ശ്രീഹരി നമ്പൂതിരി തിടമ്പുമായി താഴെ വീണു.

ശീവേലി സമയത്ത് ക്ഷേത്രത്തില്‍ നല്ല തിരക്കായിരുന്നു.പ്രദക്ഷിണം അയ്യപ്പക്ഷേത്രത്തിനുപിന്നിലെ ഫ്ളൈ ഓവര്‍ കടന്നപ്പോള്‍ ശ്രീകൃഷ്ണന്‍ പ്രത്യേകശബ്ദുമുണ്ടാക്കി തിരിഞ്ഞു. ഒപ്പം നടന്നിരുന്ന സുഭാഷിനെ തുമ്പികൊണ്ട് വരിഞ്ഞിടുകയും ഉരുണ്ട് രക്ഷപ്പെടുന്നതിനിടയില്‍ ആഞ്ഞുകുത്തുകയുമായിരുന്നു.

നാമജപം നടത്തിയിരുന്ന ഭക്തര്‍ ഉറക്കേ നിലവിളിച്ചു. മുന്നിലുണ്ടായിരുന്ന ഗോപികണ്ണനും രവികൃഷ്ണനും ഭയന്നുവിറച്ചോടി. പരിഭ്രാന്തി പരത്തികൊണ്ട് ശ്രീകൃഷ്ണന്‍ നേരെ പഴയ വഴിപാട് കൗണ്ടറിനുളളിലേക്ക് നീങ്ങി. അവിടെ പ്രസാദ ഊട്ടിനുള്ള പച്ചക്കറി നുറുക്കികൊണ്ടിരുന്നവര്‍ പ്രാണനുംകൊണ്ടോടി. മുകളിലേക്ക് കടക്കാന്‍ ശ്രമിച്ച കൊമ്പന്‍ ഹാളിലെ തുണുകള്‍ക്കിടയില്‍ ഞെരുങ്ങി. അവിടെവെച്ച് തളച്ചശേഷം കൂച്ചുവിലങ്ങിട്ട് പടിഞ്ഞാറെ ഗോപുരനടവഴി പുറത്തേക്ക് മാറ്റി.

ഈ സമയം ഗോപിക്കണ്ണന്‍ ഭഗവതി ക്ഷേത്രത്തിനടുത്തെത്തിയപ്പോഴാണ് പുറത്തിരുന്ന കീഴ്ശാന്തി മേലേടം ഹരിനമ്പൂതിരി തിടമ്പുമായി വീണത്. ഭഗവതിക്കെട്ടിലൂടെ പുറത്തുകടന്ന ഗോപിക്കണ്ണന്‍ നേരെ കംഫര്‍ട്ട് സ്റ്റേഷനുമുന്നിലെത്തി നിന്നപ്പോള്‍ തളച്ചു. രവികൃഷ്ണ പടിഞ്ഞാറെ ഗോപുരനട വഴി പുറത്തേക്കുകടന്നു.

ക്ഷേത്രത്തില്‍ മൂന്ന് കൊമ്പന്‍മാരും ഓടിയപ്പോള്‍ തിക്കുതിരക്കുകള്‍ക്കിടെ വീണാണ് ഭക്തര്‍ക്ക് പരിക്കേറ്റത്.ഗുരുവായൂര്‍ ക്യാപിറ്റല്‍ സഫറോണില്‍ താമസിക്കുന്ന ദേവകിയമ്മ(67),കണ്ണൂര്‍ കോട്ടപ്പുറം ഋഷികേശ്(11)എന്നിവരെ തൃശ്ശൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റ മറ്റുള്ളവരെ ദേവസ്വം ആസ്പത്രിയില്‍ നിന്ന് പ്രഥമശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു.