വര്‍ക്കല: വര്‍ക്കലയില്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നവരില്‍നിന്ന് തോക്കുകള്‍ കണ്ടെടുത്തു. ഇടപ്പറമ്പില്‍ ക്ഷേത്രത്തിന് സമീപം അലക്കാട് റോഡില്‍ സ്ഥിതിചെയ്യുന്ന ഒറ്റനില വീട്ടില്‍നിന്നാണ് തോക്കുകള്‍ കണ്ടെത്തിയത്. ഒരു ഇതര സംസ്ഥാനക്കാരന്‍ ഉള്‍പ്പെട്ട സംഘമാണ് വീട് വാടകയ്ക്ക് എടുത്തത്. ഇവര്‍ രത്നകച്ചവടം നടത്തുന്നവരാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.

വര്‍ക്കല താലൂക്ക് ആശുപത്രി ജംഗ്ഷന്‍ ചരുവിള വീട്ടില്‍ ഷാജഹാന്റെ മകന്‍ മനുവാണ് ഇവര്‍ക്ക് വീട് വാടയ്ക്ക് എടുത്തു നല്‍കിയതെന്നാണ് വിവരം. ഇന്നലെ കുരയ്ക്കണ്ണി തിനവിള ക്ഷേത്രത്തിന് സമീപം സംഘര്‍ഷം നടന്നിരുന്നു. നാട്ടുകാര്‍ ഈ വിവരം വര്‍ക്കല പോലീസില്‍ അറിയിച്ചു. ഈ സംഭവത്തിന്റെ അന്വേഷണത്തിനിടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇടപ്പറമ്പില്‍ ക്ഷേത്രത്തിന് സമീപമുള്ള വീട് റെയ്ഡ് ചെയ്തത്. 

പോലീസ് എത്തുമ്പോള്‍ ഈ വീട്ടില്‍ ഒരു ഇതര സംസ്ഥാനക്കാരന്‍ ഉള്‍പ്പെടെ 10 പേരാണ് ഉണ്ടായിരുന്നത്. രണ്ട് എയര്‍ പിസ്റ്റളുകളും ഒരു എയര്‍ ഗണ്ണുമാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. ക്ലോറോഫാം കുപ്പിയും ഇവിടെനിന്നും കണ്ടെടുത്തു. വീട്ടില്‍ താമസിച്ചിരുന്ന എട്ടുപേരെ വിശദമായ ചോദ്യംചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വീട് വാടകയ്ക്ക് എത്തുനല്‍കിയെന്ന് പറയപ്പെടുന്ന മനുവിനെയും പോലീസ് ചോദ്യംചെയ്യുന്നുണ്ട്.

Content Highlights: Guns were recovered from rented house at varkala