പ്രതീകാത്മകചിത്രം
തിരുവനന്തപുരം: ഗുണ്ടുകാട് അനി എന്ന അനില്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധിപറയുന്നത് 27-ലേക്ക് മാറ്റി. ഇത് മൂന്നാം തവണയാണ് കേസില്‍ വിധി പറയുന്നത് നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മാറ്റിവയ്ക്കുന്നത്. ഗുണ്ടകളെ ഭയന്ന് സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയ കേസിന്റെ വിധി കേള്‍ക്കാന്‍ ചൊവ്വാഴ്ച വഞ്ചിയൂര്‍ കോടതി പരിസരത്ത് പ്രതികളുടെ സംഘാംഗങ്ങളും കൊല്ലപ്പെട്ട അനിയുടെ സംഘവും കൂട്ടമായി കോടതിയിലെത്തി. ഇവരെ നിയന്ത്രിക്കാന്‍ കോടതിയില്‍ പോലീസ് സംവിധാനം ഒരുക്കിയിരുന്നില്ല. വിരലിലെണ്ണാവുന്ന പോലീസുകാര്‍ മാത്രമാണ് കോടതിയിലുണ്ടായിരുന്നത്.
ഗുണ്ടുകാട് സ്വദേശിയും നിരവധി തവണ കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമായ വിഷ്ണു എസ്. ബാബു (ജീവന്), ഇയാളുടെ സുഹൃത്തും ബന്ധുവുമായ മനോജ് എന്നിവരായിരുന്നു കേസിലെ പ്രധാന പ്രതികള്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്.
ഓപ്പറേഷന് ബോള്‍ട്ടിന്റെ ഭാഗമായി ജയിലിലായിരുന്ന ജീവന് ജയില്‍ മോചിതനായതിന്റെ അടുത്ത ദിവസമാണ് എതിര് സംഘത്തിലെ അനിയെ വെട്ടി കൊലപ്പെടുത്തിയത്. 2019 മാര്‍ച്ച് 24-ന് രാത്രി 11 മണിക്കായിരുന്നു സംഭവം. വെട്ടേറ്റ് റോഡില്‍ രക്തം വാര്‍ന്നുകിടന്ന അനിയെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.
മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്കിയ ദൃക്സാക്ഷികളടക്കം കൂറുമാറിയ ഒന്‍പത് പേര്‍ക്കെതിരേ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ. പ്ളീഡര്‍ വെമ്പായം എ.എ.ഹക്കീമാണ് കേസ് നേരിട്ട് നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..