കോട്ടയം: പരിശോധനയ്ക്കു കൊണ്ടുവന്ന പിസ്റ്റള്‍ താലൂക്ക് ഓഫീസ് വരാന്തയില്‍ വെച്ച് ഉടമയുടെ കൈയ്യിലിരുന്ന് പൊട്ടി. വെടിയുണ്ടയുടെ ദിശ മാറിയതിനാല്‍ സമീപമുണ്ടായിരുന്ന ഓഫീസ് ജീവനക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം.
വ്യവസായിയായ തെള്ളകം മാടപ്പാട്ട് ബോബന് തോമസിന്റെ കൈവശമിരുന്ന തോക്കാണ് പൊട്ടിയത്. സെക്ഷന്‍ ക്ലര്‍ക്ക് അനീഷാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
തോക്ക് ലൈസന്‍സ് പുതുക്കി കിട്ടുന്നതിന് മുമ്പ് പോലീസ്, തഹസീല്‍ദാര്‍ എന്നിവരുടെ പരിശോധന ആവശ്യമാണ്. അതിനാണ് ഉടമ തോക്കുമായി താലൂക്ക് ഓഫീസില്‍ വന്നത്.
ബോബന് തോമസ് എത്തിയ സമയത്ത് ലാന്‍ഡ് ട്രിബ്യൂണല്‍ യോഗം തഹസീല്‍ദാര്‍ പി.ജി. രാജേന്ദ്രബാബുവിന്റെ ഓഫീസില്‍ നടക്കുകയായിരുന്നു. അതിനാല്‍ കുറച്ചുസമയം ഇദ്ദേഹം വെളിയില്‍ കാത്തിരുന്നു.
12.40-ന് തഹസീല്‍ദാര്‍ ഇദ്ദേഹത്തിനെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. സെക്ഷന്‍ ക്ലര്‍ക്ക് സി.എ. അനീഷ് കുമാര്‍ ഇതിന്റെ ഫയലുമായി ബോബനൊപ്പം തഹസീല്‍ദാര്‍ ക്യാബിനിലേക്ക് വരികയായിരുന്നു.
ക്യാബിന് പുറത്തെ വരാന്തയില്‍ വെച്ച് പെട്ടെന്ന് തോക്ക് പൊട്ടുകയായിരുന്നു. വെടിയുണ്ട സമീപത്തെ തൂണിലേക്ക് ഇടിച്ച് തെറിച്ച് പുറത്തേക്ക് പോയി. ബോബനും അനീഷും നിന്നതിന്റെ എതിര്‍ദിശയിലേക്കാണ് വെടിയുണ്ട പോയത്.
ശബ്ദം കേട്ട് തഹസീല്‍ദാരും മറ്റ് ജീവനക്കാരും ഓടിയെത്തിയതിനു പിന്നാലെ അബദ്ധം പറ്റിയതാണെന്ന് ബോബന് വ്യക്തമാക്കി. വിവരം രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തിനെ പോകാന്‍ അനുവദിച്ചു. തോക്ക് പരിശോധിക്കാനാവില്ലെന്ന് തഹസീല്‍ദാര്‍ അറിയിച്ചു. പിന്നീട് വെടിയുണ്ടയുടെ കേയ്സ് പരിസരത്തുനിന്ന് കണ്ടെടുത്തു. താലൂക്ക് ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തു.
വെടിയുണ്ട കൊണ്ടുവന്നത് ചട്ടവിരുദ്ധമായി
തോക്ക് പരിശോധനയ്ക്ക് കൊണ്ടുവരേണ്ടത് വെടിയുണ്ട ഇല്ലാതെയാണ്. ഇവിടെ അത് പാലിച്ചിട്ടില്ല. ഇദ്ദേഹം തോക്ക് ഉപയോഗിക്കാന്‍ യോഗ്യനല്ലന്ന് റിപ്പോര്‍ട്ട് നല്‍കും- പി.ജി. രാജേന്ദ്രബാബു, കോട്ടയം തഹസീല്‍ദാര്‍.
content highlights: Gun brought for inspection in Kottayam taluk office fires by mistake
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..