തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങളായി. ഒറ്റ- ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ബസുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തണമെന്ന നിര്‍ദേശമാണ് മാര്‍ഗനിര്‍ദേശത്തില്‍ പ്രധാനമായും ഗതാഗത മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിക്കുന്നത്. 

നാളെ (വെള്ളിയാഴ്ച ) ഒറ്റയക്ക ബസുകള്‍ സര്‍വീസസ് നടത്തണം. അടുത്ത തിങ്കള്‍ (ജൂണ്‍ 21), ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പര്‍ ബസുകള്‍ക്ക് സര്‍വീസ് നടത്താം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഒറ്റയക്ക ബസുകള്‍ വേണം നിരത്തില്‍ ഇറങ്ങാന്‍. അതേ സമയം ശനി, ഞായര്‍ ദിവസങ്ങളില്‍ ബസ് സര്‍വീസ് അനുവദിക്കില്ല. 

എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളതെന്നും അതിനാലാണ് അത്തരം ഒരു ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നുമാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. തുടര്‍ന്ന് ഇതില്‍ മാറ്റം വരുത്തുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 

അതേസമയം തിരുമാനത്തിനെതിരേ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്ത് വന്നു. സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും കാര്യമായ പഠനങ്ങള്‍ നടത്താതെയാണ് ഈ നിര്‍ദേശമെന്നും അസോസിയേഷന്‍ പറഞ്ഞു. അഞ്ച് ദിവസവും സര്‍വീസ് നടത്തിയാല്‍ പോലും കാര്യമായ വരുമാനമില്ലാത്ത സാഹചര്യത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കു. ഇതുമായി സഹകരിക്കില്ലെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

Content Highlights: Guidelines for private bus service operation in Kerala