
കോൺഗ്രസ് നേതാക്കൾ (ഫയൽ ചിത്രം) |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: അണികളേക്കാള്‍ കൂടുതല്‍ നേതാക്കളുള്ള പാര്‍ട്ടിയെന്നാണ് കോണ്‍ഗ്രസിനെ എതിരാളികള്‍ വിമര്‍ശിക്കാറുള്ളത്. പാര്‍ട്ടി വേദികളിലെ നേതാക്കളുടെ ധാരാളിത്തം ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമര്‍ശനം. നേതാക്കളുടെ ബാഹുല്യം കാരണം കോണ്‍ഗ്രസ് വേദികള്‍ തകര്‍ന്നുവീഴുന്നതും പുതുമയുള്ള കാര്യമായിരുന്നില്ല. കോണ്‍ഗ്രസിന്റെ പുതിയ മാര്‍ഗരേഖ നടപ്പാകുകയാണെങ്കില്‍ ഇനി അതുണ്ടാകില്ല. വാക്കില്‍ മാത്രമല്ല പ്രവൃത്തിയിലൂടെയാണ് മാറ്റം വേണ്ടതെന്ന് തെളിയിക്കുകയാണ് പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. കോണ്‍ഗ്രസിനെ ആറു മാസം കൊണ്ട് അടിമുടി മാറ്റുമെന്ന വാഗ്ദ്ധാനം നടപ്പില്‍ വരുത്തുന്നതിലേക്കുള്ള ചുവടുവെപ്പിലാണിപ്പോള്‍ സുധാകരനും പാര്‍ട്ടിയും.
സംസ്ഥാന കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിനായി നേതാക്കള്‍ക്കും അണികള്‍ക്കും മാര്‍ഗ്ഗരേഖ ഇറക്കിയിരിക്കുകയാണ്. നേതൃത്വം. ഡിസിസി പ്രസിഡന്റുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി ടി തോമസാണ് മാര്‍ഗ്ഗരേഖ അവതരിപ്പിച്ചത്. ആള്‍ക്കുട്ടത്തില്‍ നിന്നും കേഡര്‍ പാര്‍ട്ടിയിലേക്കുള്ള മാറ്റത്തിന്റെ പാതയൊരുക്കുന്നതാണ് മാര്‍ഗ്ഗരേഖ. പാർട്ടിയെ അടിമുടി മാറ്റി പ്രവര്‍ത്തകനെയും നേതാക്കളെയും കൃത്യമായി വിലയിരുത്തിയാകും ഇനി മുന്നോട്ടുള്ള പോക്ക്.
തര്‍ക്കങ്ങളും പരാതികളും തീര്‍ക്കാന്‍ ജില്ലാതലങ്ങളില്‍ സമിതി ഉണ്ടാക്കും. പാര്‍ട്ടിയിലെ മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം ഇന്‍സെന്റീവ് അനുവദിക്കും. കേഡര്‍മാരുടെ മുഴുവന്‍സമയ പ്രവര്‍ത്തനം ഉറപ്പാക്കാനാണ് പ്രതിമാസ ഇന്‍സെന്റീവ്. ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറുമാസം കൂടുമ്പോള്‍ വിലയിരുത്തും. കടലാസില്‍ മാത്രമുള്ള ബൂത്ത് കമ്മിറ്റികള്‍ ഇനി പറ്റില്ല. ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറുമാസം കൂടുമ്പോള്‍ ഡിസിസി പ്രസിഡണ്ടുമാര്‍ വിലയിരുത്തി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കണം. വീഴ്ചയുണ്ടായാല്‍ വീശദീകരണം തേടി നടപടി ഉണ്ടാകും.
ഗ്രാമങ്ങളിലെ സാമൂഹ്യ-സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സജീവമായി ഇടപെടണം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അണികളാണ് പാര്‍ട്ടിയുടെ മുഖമെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കണം. തര്‍ക്കങ്ങളും പരാതികളും ജില്ലാതലങ്ങളില്‍ തീര്‍ക്കണം. അതിനായി ജില്ലാതല സമിതിക്ക് രൂപം നൽകും. അവിടെയും തീരാത്ത ഗൗരവമുള്ള പ്രശ്നമാണെങ്കില്‍ കെപിസിസി ഇടപെടും. ഫ്ലെക്സ് പാര്‍ട്ടി, സ്റ്റേജിലെ ആള്‍ക്കൂട്ടം തുടങ്മെങിയ ചീത്തപ്പേരുകൾ മാറ്റുകയാണ്. വ്യക്തിപരമായി ആരും ഫ്ലെക്സ് ബോർഡുകൾ വെക്കരുത്. പാര്‍ട്ടി കമ്മിറ്റികളുടെ അറിവോടെ മാത്രമായിരിക്കും ഇനി ബോർഡുകൾ സ്ഥാപിക്കുക.
പാര്‍ട്ടി പരിപാടികളുടെ വേദികളില്‍ നേതാക്കളെ നിയന്ത്രിക്കണം. സംസ്ഥാന നേതാക്കളെ പാര്‍ട്ടി പരിപാടികള്‍ക്കായി പ്രാദേശിക നേതാക്കള്‍ നേരിട്ട് വിളിക്കരുത്. മണ്ഡലം കമ്മിറ്റിയുടേയും ഡിസിസികളുടേയും അനുവാദം വാങ്ങി മാത്രമേ നേതാക്കളെ വിളിക്കാവൂ. വ്യക്തിവിരോധത്തിന്റെ പേരില്‍ ആരെയും കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കരുത്. ഡിസിസി പ്രസിഡന്റുമാരുടെ അഭിപ്രായം കൂടി ചേര്‍ത്ത് പുതുക്കി മാര്‍ഗ്ഗരേഖ നടപ്പാക്കി മാറ്റവുമായി മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം.
ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തിലുണ്ടായ പൊട്ടലും ചീറ്റലും ഒതുങ്ങിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പുതിയ മാര്‍ഗ്ഗരേഖ ഇറക്കിയിരിക്കുന്നത്.
Content Highlights: Guidelines for congress Leaders and workers in Kerala by KPCC president KSudhakaran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..